Thursday, 20 August 2020

വിനയം സൗമ്യം മധുരം: ഫാ. കെ. റ്റി. ഫിലിപ്പ് സ്മൃതി ഗ്രന്ഥം


വിനയം സൗമ്യം മധുരം: ഫാ. കെ. റ്റി. ഫിലിപ്പ് സ്മൃതി ഗ്രന്ഥം



വിനയം സൗമ്യം മധുരം 
ഫാ. കെ. റ്റി. ഫിലിപ്പ് സ്മൃതി ഗ്രന്ഥം
എഡിറ്റര്‍: ഫാ. ഡോ. ടി. പി. ഏലിയാസ്
പ്രസാധകര്‍: പരുമല മാര്‍ ഗ്രീഗോറിയോസ് ചാരിറ്റബിള്‍ ട്രസ്റ്റ്, തലക്കോട്

Vinayam Saumyam Madhuram 
Fr. K. T. Philip Smrithy Grandham
(Biographical Sketch)
Editor: Fr. Dr. T. P. Elias
First Edition: August 07, 2020
Published by Parimala Mar Gregorios Charitable Trust, Thalacode
in collaboration with Sophia Books, Kottayam
Type Setting & Printing: Sophia Print House, Kottayam
Rs. 200/-

Monday, 17 August 2020

ഫാ. കെ. റ്റി. ഫിലിപ്പ്


തൃപ്പൂണിത്തുറ എരൂര്‍ ദേശത്ത്, കരപ്പിള്ളില്‍ വര്‍ക്കി തോമസിന്‍റെയും സാറാമ്മയുടെയും ആറ് മക്കളില്‍ ഇളയ പുത്രനാണ് കെ. റ്റി. ഫിലിപ്പച്ചന്‍. സ്ലീബാ, വര്‍ഗീസ്, ശോശാമ്മ, പത്രോസ്, ചിന്നമ്മ എന്നിവരാണ് മറ്റു സഹോദരങ്ങള്‍. തൃപ്പൂണിത്തുറ നടമേല്‍ പള്ളി ഇടവകാംഗമായ കെ. റ്റി. ഫിലിപ്പ് 1969-1973 കാലഘട്ടത്തില്‍ കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ വൈദിക പഠനം നടത്തി. 20-3-1972-ല്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് യൗപ്പദിയക്ക്നോ പദവി സ്വീകരിച്ച് ആചാര്യഗണത്തില്‍ ചേര്‍ന്നു. 

1973-76 കാലഘട്ടത്തില്‍ വൈദിക സെമിനാരി വൈസ് പ്രിന്‍സിപ്പാളും മാവേലിക്കര സെന്‍റ് പോള്‍സ് വയോമിംഗ് ഗോസ്പല്‍ ഹോള്‍ (പിന്നീട് സെന്‍റ് പോള്‍സ് മിഷന്‍ ട്രയിനിംഗ് സെന്‍റര്‍) സ്ഥാപകനുമായ ഫാ. എം. വി. ജോര്‍ജിന്‍റെ (മലങ്കരസഭാരത്നം ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്) മാവേലിക്കര സുവിശേഷാലയത്തിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കുകാരനായി. ഫാ. എം. വി. ജോര്‍ജിന്‍റെ നേതൃത്വത്തില്‍ അവിടെ സംഘടിപ്പിക്കുന്ന മധ്യവേനല്‍ അവധിക്കാല ബൈബിള്‍ ക്ലാസ്സ്, സെന്‍റ് പോള്‍സ് സുവിശേഷസംഘ പ്രവര്‍ത്തനങ്ങള്‍, അനുബന്ധമായി ജീവകാരുണ്യ-ആതുരസേവന പ്രസ്ഥാനങ്ങളായ എം.എ.എഫ്., എസ്.എ.എഫ്., എച്ച്.ബി.എഫ്. തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ വാപൃതനായി. വൈദിക, അത്മായ, സന്യസ്ത പ്രമുഖരും സുവിശേഷ പ്രഘോഷണ തല്‍പരരുമായ യുവതീയുവാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് ഡീക്കന്‍ കെ. റ്റി. ഫിലിപ്പ് തന്‍റെ നേതൃപാടവം പ്രകടമാക്കി.

തലക്കോട് പരുമല മാര്‍ ഗ്രീഗോറിയോസ് ചാരിറ്റബിള്‍ ട്രസ്റ്റ് പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ജന്മദിനമായ 1976 ഓഗസ്റ്റ് 9-ാം തീയതിയാണ് പ്രവര്‍ത്തനമാരംഭിച്ചത്. സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ള സമര്‍പ്പിതരായ വൈദിക-അത്മായരുടെ ഒരു നിരയായിരുന്നു തിരുമേനിയുടെ കൂട്ടുവേലക്കാര്‍. ട്രസ്റ്റ് പ്രവര്‍ത്തന മേഖലയുടെ പ്രഥമ സംരംഭം 1963-ല്‍ ഒ. സി. കുര്യാക്കോസ് അച്ചന്‍ 25 ആണ്‍കുഞ്ഞുങ്ങളുമായി സമാരംഭിച്ച സെന്‍റ് മേരീസ് ബോയ്സ് ഹോം 1976-ല്‍ ഏറ്റെടുക്കുക എന്നതായിരുന്നു. അപ്പോള്‍ ബോയ്സ് ഹോമില്‍ 117 കുഞ്ഞുങ്ങള്‍ അന്തേവാസികളായി ഉണ്ടായിരുന്നു. 1977 സ്കൂള്‍ അദ്ധ്യയന വര്‍ഷത്തില്‍ ഫിലിപ്പ് ശെമ്മാശ്ശനെ പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തലക്കോട് സെന്‍റ് മേരീസ് ബോയ്സ് ഹോമിലെ വാര്‍ഡനായി നിയമിച്ചു.  തുടര്‍ന്ന് വിവിധ മേഖലകളിലുള്ള വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും അത്താണിയായി ഈ ട്രസ്റ്റ് രൂപാന്തരപ്പെട്ടു.

1977 മുതല്‍ 1982 വരെ ബോയ്സ് ഹോം വാര്‍ഡനായി ഫിലിപ്പ് ശെമ്മാശന്‍ പ്രവര്‍ത്തിച്ചു. 1982 മുതല്‍ 2010 വരെ ട്രസ്റ്റ് കറസ്പോണ്ടന്‍റ് കം ഡയറക്ടര്‍ ആയിരുന്നു. 2010 മുതല്‍ 2019 ആഗസ്റ്റ് 7 വരെ വൈസ് പ്രസിഡന്‍റ് പദവി വഹിച്ചു. എം.ജി. ഐ.റ്റി.ഐ. തുടങ്ങിയ കാലം മുതല്‍ അദ്ധ്യാപകനായി സേവനം ചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ നിരണം, കൊച്ചി ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ പൗരോഹിത്യ ശുശ്രൂഷ നിര്‍വഹിച്ചു. 2019 ഓഗസ്റ്റ് 7-ന് ഫിലിപ്പച്ചന്‍ നിത്യതയില്‍ പ്രവേശിച്ചു. 

ഫിലിപ്പച്ചന്‍റെ കുടുംബം, പ്രവര്‍ത്തന മേഖലകള്‍

കോട്ടയം പാക്കില്‍ കാരമൂട് ഇടവകയിലെ കരിക്കന്‍പാക്കില്‍ ഇട്ടി-തങ്കമ്മ ദമ്പതികളുടെ മകളായ സൂസമ്മയാണ് ജീവിതപങ്കാളി. ഈ തെരഞ്ഞെടുപ്പിന് മുമ്പ് മുളന്തുരുത്തി പ്രാന്തപ്രദേശത്തുള്ള മൂന്ന് വിവാഹ ആലോചനകള്‍ എന്‍റെ ജീവിതപങ്കാളിയായ ഏലിയാമ്മയുമൊത്ത് പോയി കണ്ടു എങ്കിലും വ്യത്യസ്തമായ കാരണങ്ങളാല്‍ അത് നടന്നില്ല. ആ സമയത്ത് ഫാ. സി. സി. ചെറിയാനും ഏലിയാമ്മയും (ഫിലിപ്പച്ചന്‍ മരിക്കുന്നതു വരെ ഏലിയാമ്മയെക്കുറിച്ച് 'എന്‍റെ വീട്ടില്‍ ജനിക്കാതെപോയ എന്‍റെ പെങ്ങള്‍' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്) ഫിലിപ്പ് ശെമ്മാശ്ശനും ഒരുമിച്ച് കരിക്കാടന്‍പാക്കില്‍ കുടുംബത്ത് ആലോചനയുമായി വരികയും അത് വിവാഹത്തിലെത്തുകയും ചെയ്തു. 1982 ഏപ്രില്‍ 18-ന് വെട്ടിക്കല്‍ ദയറായില്‍ വെച്ച് നടന്ന വിവാഹ ശുശ്രൂഷയില്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് മുഖ്യകാര്‍മ്മികനായിരുന്നു. ഈ ദമ്പതിമാര്‍ക്ക് ദൈവം നല്‍കിയ മകനാണ് മീഖാ. ഈ കുഞ്ഞിന് വെട്ടിക്കല്‍ ദയറായില്‍ വെച്ച് ജോസഫ് മാര്‍ പക്കോമിയോസ് തിരുമേനി തലതൊട്ട് ജ്ഞാനസ്നാനം നടത്തി. മാര്‍ ഒസ്താത്തിയോസ് തിരുമേനി രൂപകല്പന ചെയ്ത യാച്ചാരം പ്രൊജക്ടില്‍ ജോയിന്‍ ചെയ്ത് സഭയ്ക്കും സമൂഹത്തിനുംവേണ്ടി പ്രവര്‍ത്തിക്കാന്‍ ഈ മകനെ അച്ചന്‍ സമര്‍പ്പിച്ചു. എം.എസ്.ഡബ്ല്യു. പാസ്സായ മീഖാ ഇപ്പോള്‍ കേരളത്തിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ആതുരസേവനത്തില്‍ വ്യാപൃതനാണ്.

6-6-1982-ല്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. 7-8-2019-ല്‍ പിതാക്കന്മാരോടു ചേര്‍ന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന ഇടയന്‍ പ. ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാര്‍മ്മികത്വത്തിലും സഹോദര മെത്രാപ്പോലീത്താമാരുടെ സഹകരണത്തിലും വൈദിക, അത്മായ സന്യസ്തരുടെ പങ്കാളിത്തത്തിലും തുരുത്തിക്കര മാര്‍ ഗ്രീഗോറിയോസ്   ചാപ്പല്‍ സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

First Memorial Service and Book Release at St. Mary's Chapel, Thalacode


ആദര്‍ശനിഷ്ഠനായ അജപാലകന്‍ / ഫാ. ഡോ. റ്റി. ജെ. ജോഷ്വാ



ദീര്‍ഘനാള്‍ ഉറ്റ ആത്മബന്ധം പുലര്‍ത്തുകയും, നിരന്തരമായി ആശയവിനിമയം ചെയ്തിട്ടുള്ളവരുമായ വ്യക്തികളെ അനുസ്മരിക്കുന്നത് അത്യന്തം ഹൃദ്യമായ ഒരു കാര്യമാണ്. സുദീര്‍ഘ ബന്ധങ്ങളിലെ സന്തോഷകരമായ കാര്യങ്ങളെ അയവിറക്കുന്നതിനും, സന്തുഷ്ടി കൈവരുത്തുന്നതിനും അതു സഹായിക്കും. അത്തരം അനുസ്മരണകള്‍ പിന്‍തലമുറയ്ക്ക് മുതല്‍ക്കൂട്ടായി പരിഗണിക്കാം. ജീവിതം ധന്യമാകുന്നത് ഉത്തമബന്ധങ്ങള്‍ വ്യാപ്തമായി പുലര്‍ത്തുന്നതിലും കാത്തുസൂക്ഷിക്കുന്നതിലുമാണ്.

സെമിനാരിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒട്ടനേകംപേര്‍ ഉണ്ടെങ്കിലും, എന്നോട് തുടര്‍ബന്ധം പുലര്‍ത്തിയിട്ടുള്ളവര്‍ വളരെ പേരില്ല. എന്നാല്‍ ഭാഗ്യസ്മരണാര്‍ഹനായ കെ. റ്റി. ഫിലിപ്പച്ചന്‍ നിരന്തരമായി എന്നോട് ബന്ധപ്പെട്ടിരുന്നു. ഫോണില്‍ കൂടിയും എഴുത്തില്‍ കൂടിയും ആശയവിനിമയം ചെയ്തുപോന്നു. എല്ലാം സഭാപരമായ വിഷയങ്ങള്‍ തന്നെ. സ്വന്ത അഭിപ്രായവും വീക്ഷണവും തുറന്നു പറയുന്നതിനും, വിമര്‍ശനാത്മകമായിട്ടുള്ളവ ആ വിധത്തില്‍ അവതരിപ്പിക്കുന്നതിനും അദ്ദേഹം മടിച്ചില്ല. സഭയുടെ പൊതുവായ എല്ലാ സമ്മേളനങ്ങളിലും കൃത്യമായി സംബന്ധിക്കുന്നതുപോലെ തന്നെ എന്നെ സംബന്ധിക്കുന്ന പരിപാടികളിലും സംഗമങ്ങളിലും അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ഉറപ്പായിരുന്നു.

മാവേലിക്കര സുവിശേഷാലയത്തില്‍ നടത്തിവന്ന സമ്മര്‍ ക്ലാസ്സിലാണ് ആദ്യം ആ യുവാവിനെ കാണുന്നത്. പിന്നീട് സെമിനാരിയില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നപ്പോള്‍ കൂടുതല്‍ അടുത്ത സമ്പര്‍ക്കത്തിന് അവസരമുണ്ടായി. അന്ന് എന്നെ സ്പര്‍ശിച്ച രണ്ടു മൂന്നു കാര്യങ്ങള്‍ ഉണ്ട്. ഒന്ന്, ഇദ്ദേഹത്തിന് രക്തസംബന്ധമായ ഒരു രോഗമുണ്ടായിരുന്നതാണ്. വായില്‍ കൂടി ബ്ലീഡിംഗ് ഉണ്ടാകുന്നു. ചിലപ്പോള്‍ അത് ദുസ്സഹമായി തീരുന്നു എന്നുള്ളത്. പക്ഷേ ആ അസ്വാസ്ഥ്യത്തെ ധീരതയോടെ നേരിടുകയും ആവശ്യമായ ചികിത്സകള്‍ ഒക്കെ നടത്തുകയും ചെയ്തു. അതിലും ഉപരി പ്രാര്‍ത്ഥനയിലുള്ള ആശ്രയം, അത് അദ്ദേഹത്തിന് ശക്തിയും ധൈര്യവും നല്‍കി. 

രണ്ടാമത്തെ കാര്യം, ഇദ്ദേഹവും ഫാ. പോള്‍ വര്‍ഗീസും (പിന്നീട് പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ) പാത്രിയര്‍ക്കീസ് ഭാഗത്തെ, തൃപ്പൂണിത്തുറ നടമേല്‍ ഇടവകാംഗങ്ങള്‍ ആകുന്നു എന്ന വസ്തുതയാണ്. സഭ യോജിച്ച സന്ദര്‍ഭത്തില്‍ എല്ലാ ഇടവകകളും കാതോലിക്കേറ്റിനെ അംഗീകരിച്ച് ഒന്നായി നിന്നു എങ്കിലും, പിന്നീട് പാത്രിയര്‍ക്കീസ് വിഭാഗക്കാര്‍ പിന്‍മാറിപ്പോവുകയായിരുന്നല്ലോ. ഇടവക മുഴുവനും, സ്വന്തം കുടുംബക്കാരും പിന്മാറിപ്പോകുകയും, കഥാപുരുഷന്‍റെ മേല്‍ അതീവ സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്തെങ്കിലും കാതോലിക്കാ ഭാഗത്ത് ഉറച്ചുനില്‍ക്കുവാന്‍ ധൈര്യപ്പെടുകയുമാണ് ചെയ്തത്. അതു മൂലം പല പ്രയാസങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വന്നെങ്കിലും പിന്മാറി പോയില്ല. സെമിനാരിയില്‍ പഠിച്ച ചിലരൊക്കെ പിന്മാറിപ്പോയതായ ചരിത്രമുണ്ട്. അവരില്‍ ചിലര്‍ ആ ഭാഗത്ത് മെത്രാന്മാരായിത്തീരുകയും ചെയ്തിട്ടുണ്ട്. കെ. റ്റി. ഫിലിപ്പച്ചന്‍റെ ധീരമായ നിലപാടാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിത്തീര്‍ത്ത ഒരു വസ്തുത. 

അദ്ദേഹത്തിന്‍റെ ദൗത്യനിര്‍വഹണത്തെപ്പറ്റി പ്രശംസാര്‍ഹമെന്നാണ് പറയേണ്ടത്. അദ്ദേഹം സേവനം അനുഷ്ഠിച്ച എല്ലാ പള്ളികളിലും - വലിയ പള്ളികളിലും, ചെറിയ പള്ളികളിലും - ഓരോ ആദ്ധ്യാത്മിക പരിപാടിക്കായി എന്നെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആതിഥ്യം സ്വീകരിച്ച് കൂടെ താമസിച്ചിട്ടുമുണ്ട്. ഇടവക പ്രവര്‍ത്തനങ്ങളെപ്പറ്റി നേരിട്ടറിയുന്നതിനും ബോധ്യപ്പെടുന്നതിനുമുള്ള അവസരങ്ങളായിരുന്നു അത്. മാതൃകാപരമായ പല കാര്യങ്ങളും പിന്‍തുടര്‍ന്നതായി കണ്ടു. പല വൈദികരും പരാജയപ്പെടുന്നത് ഇടവകയിലെ എല്ലാവരെയും ഒരുപോലെ കണ്ട്, പക്ഷഭേദം വരുത്താതെ സേവനം അനുഷ്ഠിക്കുന്നതിലാണ്. സമ്പന്നരെന്നോ ദരിദ്രരെന്നോ യുവാക്കളെന്നോ, പക്ഷമില്ലാതെ എല്ലാവരോടും ആത്മിക പിതാവെന്ന നിലയില്‍ ബന്ധപ്പെടേണ്ടതാണ്. സ്വന്ത അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ അദ്ദേഹം ഒട്ടും ശങ്കിച്ചില്ല. അത് തിരുമേനിമാരോടും ആ വിധത്തില്‍ വര്‍ത്തിച്ചു. മനഃസാക്ഷിയെ വഞ്ചിച്ച് പ്രീതിപ്പെടുത്തുക എന്ന നയം അദ്ദേഹത്തിന് അന്യമായിരുന്നു. 

ഭവനസന്ദര്‍ശനം ക്രമമായി നടത്തുകയും ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്തു. ആരാധനയില്‍ വചനശുശ്രൂഷയ്ക്ക് പ്രാധാന്യം നല്‍കി. പ്രസംഗം ആരാധനയുടെ ഒരു അവിഭാജ്യഘടകമായി പല വൈദികരും കാണുന്നില്ല എന്ന് പറയേണ്ടിയിരിക്കുന്നു. അലസതയും അശ്രദ്ധയുമാണ് അതിനു കാരണം. വൈദികര്‍ തുടര്‍പഠനം നടത്താന്‍ ബാധ്യസ്ഥരാണ്. എങ്കില്‍ മാത്രമേ സമകാലീന സമൂഹത്തിന്‍റെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദ്ദേശിക്കാന്‍ കഴിയൂ. 

ഇടവക പ്രവര്‍ത്തനം എന്നുള്ളത് കര്‍മ്മാനുഷ്ഠാനങ്ങളില്‍ മാത്രം പരിമിതിപ്പെടുത്തിക്കൂടാ. ആദ്ധ്യാത്മിക സംഘടനകളും പ്രസ്ഥാനങ്ങളും ശക്തിപ്പെടുത്തുകയും, വ്യക്തിപരമായ കൗണ്‍സലിംഗ് വേണ്ടവര്‍ക്ക് അത് നല്‍കുകയും, രോഗികളെയും വാര്‍ദ്ധക്യത്തിലിരിക്കുന്നവരെയും സന്ദര്‍ശിച്ച് 
സാന്ത്വനങ്ങളും പ്രാര്‍ത്ഥനകളും നടത്തേണ്ടതുമാണ്. ഫിലിപ്പച്ചന്‍ ഇക്കാര്യങ്ങളിലൊക്കെ ശ്രദ്ധിച്ചിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
അച്ചന്‍റെ മറ്റൊരു വലിയ സേവനരംഗമാണ് അശരണരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോയ്സ് ഹോം. പൗലോസ് ഗ്രീഗോറിയോസ് തിരുമേനി ബോയ്സ് ഹോമുമായി ബന്ധപ്പെട്ടതാണ്, അച്ചന്‍ അതിന്‍റെ പ്രവര്‍ത്തനത്തിന് വരാന്‍ നിമിത്തമായത്. ഇപ്പോള്‍ അതിന്‍റെ വലിയ സഹായകനും, പ്രോത്സാഹകനുമായിട്ടുള്ളത്, ഉദാരസമ്പന്നനും, തികഞ്ഞ മനുഷ്യസ്നേഹിയുമായ ഡോ. ചെറിയാന്‍ ഈപ്പനാണ്. ബോയ്സ് ഹോമിന്‍റെ പ്രവര്‍ത്തനത്തില്‍ വന്ദ്യ റ്റി. പി. ഏലിയാസ് അച്ചന്‍റെ നിസ്തുല സേവനവും, പ്രശംസാര്‍ഹവുമായ നേതൃത്വവും വിസ്മരിക്കാവുന്നതല്ല.

ബോയ്സ് ഹോമിന്‍റെ പ്രവര്‍ത്തനത്തില്‍ ഫിലിപ്പച്ചന്‍, മറ്റു പല ഉത്തരവാദിത്തങ്ങളോടൊപ്പം താല്‍പര്യപൂര്‍വ്വം സഹകരിച്ച് പങ്കാളിത്തം വഹിച്ചു. അവശതയിലും, പ്രയാസത്തിലും കഴിയുന്നവരെ സഹായിക്കുന്നതിനുള്ള സേവനമനോഭാവമാണ് ആ പ്രവര്‍ത്തനത്തില്‍ വെളിപ്പെടുന്നത്. സ്നേഹത്തിന്‍റെ ഹൃദയമാണ് സേവനത്തിന് നമ്മെ പ്രേരിപ്പിക്കുന്നത്. ക്രിസ്തീയ ജീവിതത്തിന്‍റെ സ്ഥായീഭാവം സ്നേഹമാണ്.
ഫിലിപ്പച്ചനെപ്പറ്റി പ്രസ്താവിക്കേണ്ട മറ്റൊരു കാര്യം, അച്ചന്‍റെ സാമ്പത്തിക കാര്യങ്ങളിലുള്ള അച്ചടക്കവും, കാര്യവിചാരകത്വബോധവുമാണ്. വൈദികരെപ്പറ്റി ഉയരുന്ന വിമര്‍ശനങ്ങളില്‍ ഒന്ന്, പണത്തോടുള്ള മോഹവും, അതു നേടുന്നതിനുള്ള ശ്രമവുമാണ്. ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ ഈ വിമര്‍ശനത്തിന് വിധേയരാകുന്നുള്ളു എന്നുള്ളത് സന്തോഷകരമാണ്. നമ്മുടെ കഥാപുരുഷന്‍ അക്കാര്യത്തില്‍ തികഞ്ഞ സത്യസന്ധതയും, അച്ചടക്കവും പാലിച്ചു. ഒരു നല്ല ഭവനം നിര്‍മ്മിക്കാന്‍ കഴിഞ്ഞു എന്നുള്ളത് മാത്രമാണ് അദ്ദേഹത്തിന്‍റെ നേട്ടം. 

ഭവനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കുടുംബത്തെപ്പറ്റി പരാമര്‍ശിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് ദൈവം കല്പിച്ചു നല്‍കിയ പങ്കാളി നല്ല ക്രിസ്തീയ പാരമ്പര്യവും, പ്രവര്‍ത്തന ചരിത്രവുമുള്ള ഒരു കുടുംബത്തില്‍ നിന്നാണ്. ഭാര്യാപിതാവ് പള്ളം കരയിലുള്ള എല്ലാവര്‍ക്കും പ്രിയങ്കരനായ വ്യക്തി ആയിരുന്നു. അച്ചന്‍റെ രോഗാവസ്ഥയിലൊക്കെ ജീവിതപങ്കാളി സഹായവും ആശ്വാസവും നല്‍കി പരിചരണത്തില്‍ മുഴുകിയിരുന്നു. മിതഭാഷിയും, വൈദിക പത്നി എന്ന സ്ഥാനത്തിന്‍റെ ധര്‍മ്മം ശരിയായി മനസ്സിലാക്കിയ വ്യക്തിയുമായിരുന്നു. ഏക മകന്‍ മീഖയും അച്ചന് സഹായിയും, വിശ്വസ്തനുമായി വര്‍ത്തിച്ചു. പല പ്രാവശ്യം ഞാന്‍ ആ ഭവനം സന്ദര്‍ശിക്കയും പ്രാര്‍ത്ഥിക്കയും ചെയ്തിട്ടുണ്ട്. 

നിശ്ചയമായും നല്ല സ്മരണകള്‍ സമര്‍പ്പിച്ചിട്ടാണ് ഫിലിപ്പച്ചന്‍ ശാശ്വത ഭവനത്തിലേക്ക് യാത്രയായത്. നാം ഓരോരുത്തരും അവശേഷിപ്പിക്കുന്നത് നമ്മുടെ സ്മരണകള്‍ മാത്രമാണ്. അത് മധുരസ്മരണകള്‍ ആകുവാന്‍ തക്കവണ്ണം നമ്മുടെ ജീവിതവും പ്രവര്‍ത്തനവും ശ്രദ്ധാപൂര്‍വ്വം നയിക്കാന്‍ ഇടയാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. 

"നിങ്ങളോട് ദൈവവചനം പ്രസംഗിച്ച് നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്‍വീന്‍; അവരുടെ ജീവാവസാനം ഓര്‍ത്ത് അവരുടെ വിശ്വാസം അനുകരിപ്പീന്‍" (എബ്രായര്‍ 13:7).

Sunday, 16 August 2020

ഉത്സാഹിയും വിശ്വസ്തനുമായ ആചാര്യന്‍ / കെ. ഐ. ഫിലിപ്പ് റമ്പാന്‍


വന്ദ്യ കെ. റ്റി. ഫിലിപ്പ് അച്ചനെ കുറിച്ച് ഒരു പുസ്തകം ഇറങ്ങുന്നതിലുള്ള എന്‍റെ അതിയായ സന്തോഷം ആദ്യമേ തന്നെ അറിയിക്കട്ടെ. അച്ചനുമായി ദീര്‍ഘകാലത്തെ പരിചയമുണ്ട്. അച്ചന്‍ ശെമ്മാശ്ശനായിരിക്കുമ്പോള്‍ മുതല്‍ അടുത്ത് അറിയുവാന്‍ കഴിഞ്ഞിട്ടുണ്ട്. പുതുപ്പാടി സെന്‍റ് പോള്‍സ് ആശ്രമത്തിലും, യാച്ചാരത്തെ സെന്‍റ് ഗ്രീഗോറിയോസ് ബാലഭവനത്തിലും അച്ചന്‍ ശുശ്രൂഷ ചെയ്യുകയുണ്ടായി. കൂടാതെ പാലാരിവട്ടം ദേവാലയത്തില്‍ ശുശ്രൂഷിക്കുന്ന അവസരത്തില്‍ ആ ദേവാലയത്തില്‍ പോകുവാനും അച്ചനോടൊപ്പം സമയം ചിലവഴിക്കുവാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഒരുപിടി നല്ല ഓര്‍മ്മകള്‍ അച്ചന്‍ സമ്മാനിച്ചിട്ടുണ്ട് എന്ന് യാതൊരു അതിശയോക്തിയും ഇല്ലാതെ പറയുവാന്‍ കഴിയും. പുതുപ്പാടിയിലും യാച്ചാരത്തും അച്ചന്‍ ഒരു നല്ല സാക്ഷ്യം ആയിരുന്നു എന്ന് ഓര്‍ക്കുന്നു. കുട്ടികളുടെ ഇടയില്‍ നല്ല സ്നേഹിതനായും ഉത്തമ മാതൃകയായും അച്ചന്‍ പ്രവര്‍ത്തിച്ചു എന്ന് നന്ദിയോടെ ഓര്‍ക്കുന്നു. 

കൂടാതെ അച്ചന്‍റെ മകന്‍ മീഖയുടെ പഠനശേഷം അഞ്ചു വര്‍ഷത്തോളം യാച്ചാരത്ത് പ്രവര്‍ത്തിക്കുന്നതിനായി അച്ചന്‍ പ്രേരിപ്പിക്കുകയും അവന്‍ അത് ഏറെ സന്തോഷത്തോടെ നിറവേറ്റുകയും ചെയ്തു. സഭയുടെ ഒരു മിഷന്‍ സ്ഥാപനത്തിലേക്ക് സ്വന്തം മകനെ കുറച്ചുനാള്‍ സന്നദ്ധപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുവാന്‍ ഉത്സാഹിപ്പിച്ചത് സഭയോടും മിഷന്‍ പ്രവര്‍ത്തനങ്ങളോടും ഉള്ള അച്ചന്‍റെ താല്‍പര്യത്തെ വെളിവാക്കുന്നു. അച്ചനെപ്പറ്റി നല്ല വാക്കുകള്‍ എല്ലാവരില്‍ നിന്നും നേരിട്ട് കേള്‍ക്കുവാന്‍ സാധിച്ചിട്ടുണ്ട്. അച്ചന്‍ എല്ലാ വൈദികര്‍ക്കും ഒരു നല്ല മാതൃകയായിരുന്നു എന്നതില്‍ സംശയമില്ല. തന്നെ ഏല്പിച്ച ശുശ്രൂഷകള്‍ ഏറ്റവും ഉത്തരവാദിത്തത്തോടെ പ്രസന്ന മുഖത്തോടെ അച്ചന്‍ നിര്‍വഹിച്ചിട്ടുണ്ട്. അച്ചന്‍ മലങ്കരസഭയ്ക്ക് അഭിമാനകരമായി പ്രവര്‍ത്തിച്ച ഒരു വൈദികനായിരുന്നു എന്ന് എനിക്ക് ഉത്തമബോധ്യം ഉണ്ട്. അച്ചന്‍റെ പ്രാര്‍ത്ഥന ബലഹീനനായ എനിക്കും സഹായകരമാകട്ടെ എന്ന് കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. 

സ്നേഹത്തിന്‍റെ തൂവല്‍സ്പര്‍ശം / ഫാ. കെ. റ്റി. ഫിലിപ്പ്


മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരെ അറിയുകയും ഏറ്റവും കൂടുതല്‍ മനുഷ്യര്‍ അറിയുകയും ചെയ്യുന്ന തിരുമേനി ആയിരുന്നു ഭാഗ്യസ്മരണാര്‍ഹനായ സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി. ഉന്നതനായ തിരുമേനിയുമായി ഒരു ഗാഢമായ ആത്മബന്ധം കാത്തുസൂക്ഷിക്കുവാന്‍ എളിയവനായ എനിക്കു കഴിഞ്ഞത് ഒരു സൗഭാഗ്യമായി കരുതുകയാണ്. 

ഇപ്പോള്‍ ഞാന്‍ ശുശ്രൂഷ ചെയ്യുന്ന പുരാതന ദേവാലയമായ ചെറായി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഒഴികെ, ഞാന്‍ നിയോഗിക്കപ്പെട്ട എല്ലാ ദേവാലയങ്ങളിലും എളിയ ക്ഷണം സ്വീകരിച്ച്, ശാരീരികക്ലേശങ്ങള്‍ അവഗണിച്ച് തിരുമേനി എഴുന്നെള്ളി വന്ന് ധന്യമായി അനുഗ്രഹിച്ച്, ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി പരിപോഷിപ്പിച്ചിട്ടുള്ളത് ഒരിക്കലും മറക്കാനൊക്കുകയില്ല. ചെറായി പള്ളിയിലും അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യവും മദ്ധ്യസ്ഥതയും ശുശ്രൂഷകള്‍ക്ക് എനിക്ക് ശക്തിപകരുന്നു. 

ദശാംശം കൃത്യമായി വേര്‍തിരിക്കാനും, പണമിടപാടുകളില്‍ നൂറു ശതമാനവും സുതാര്യത പാലിക്കാനും പള്ളികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ സുമനസ്സുകള്‍ നല്‍കുന്നത് ഒരു രൂപയാണെങ്കില്‍ പോലും കൃത്യമായി കണക്കെഴുതി, രശീതു നല്‍കുവാനും അതില്‍ നിന്ന് ഉപ്പുനോക്കാനും തൊട്ടുനക്കാനും (തിരുമേനിയുടെ ഭാഷ) ഇടയാകാതെ വിശ്വസ്തത നിലനിര്‍ത്തുവാനും തിരുമേനി പരിശീലിപ്പിച്ചത് ഇന്നും എനിക്കൊരു മുതല്‍ക്കൂട്ടാണ്. ആണ്ടോടാണ്ട് വി. വേദപുസ്തകം ഓരോ തവണയെങ്കിലും വായിച്ചു പഠിക്കണമെന്ന തിരുമേനിയുടെ നിര്‍ദ്ദേശവും ഞാനിന്നും ദൈവാനുഗ്രഹത്താല്‍ പാലിച്ചു പോരുന്നു. 

നാം ചില വ്യക്തികളെ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ ചിലപ്പോള്‍ നിരാശയും ഒരു പ്രത്യേക തരത്തിലുള്ള ഡിപ്രഷനും നമ്മെ കുറെ നേരത്തേക്ക് പിടികൂടും. ചില വ്യക്തികളെ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ നാം പതിവില്‍ കൂടുതല്‍ ഉന്മേഷഭരിതരും ആഹ്ലാദമുള്ളവരും ആയിരിക്കും. ഇതൊരു പ്രകൃതിയുടെ പ്രതിഭാസമാണെന്ന് ഏതോ ഗ്രന്ഥത്തില്‍ വായിച്ചിട്ടുണ്ട്. ഇതു സത്യമാണെന്ന് അനുഭവത്തില്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഒസ്താത്തിയോസ് തിരുമേനിയുടെ സമീപത്ത് എപ്പോള്‍ കടന്നുചെന്നാലും ഒരുപക്ഷേ തിരുമേനി ഉറങ്ങുകയാണെങ്കില്‍ പോലും ഒരു പ്രത്യേക സ്വസ്ഥതയും ശാന്തിയുമാണ് ആ സാമീപ്യത്തില്‍ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇത് എന്‍റെ മാത്രം അനുഭവം അല്ല താനും. തന്നെ സമീപിക്കുന്നവരെ നിരാശ നീക്കി ഉന്മേഷഭരിതരാക്കുന്ന ഏതോ ഒരു അദൃശ്യ ജീവപ്രഭ തിരുമേനിയില്‍ ഉണ്ടായിരുന്നു.

തിരുമേനി വൈദികനായിരുന്നപ്പോള്‍ എന്നെ സ്വാധീനിച്ച ഒരു സംഭവം പറയട്ടെ. എന്‍റെ സെമിനാരി വിദ്യാഭ്യാസം കഴിഞ്ഞ സമയം (1973). സഭയില്‍ ആവിര്‍ഭവിച്ച നിര്‍ഭാഗ്യമായ തര്‍ക്കം വളര്‍ന്നപ്പോള്‍ ഓര്‍ത്തഡോക്സ് ഭാഗത്തു തന്നെ ഉറച്ചുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചതിനാല്‍, സ്വന്ത ഭവനത്തിലും ജന്മനാട്ടിലും മാതൃ ഇടവകയിലും (തൃപ്പൂണിത്തുറ നടമേല്‍ സെന്‍റ് മേരീസ്) എനിക്ക് സ്ഥാനമില്ലാതായി. ഞാന്‍ പഠിച്ച സെമിനാരിയും വന്ദ്യരായ ഗുരുഭൂതരും ഇപ്രകാരം ഒരു നിലപാടെടുക്കുവാന്‍ എനിക്കു പ്രചോദനവും മാതൃകയുമായി. അപ്പോള്‍ ബഹു. എം. വി. ജോര്‍ജ് അച്ചന്‍ എന്‍റെ ദുരവസ്ഥ മനസ്സിലാക്കി മാവേലിക്കര സെന്‍റ് പോള്‍സ് വയോമിങ് ഗോസ്പല്‍ ഹാളിന്‍റെ സെക്രട്ടറിയായി നിയമിച്ചു. 1974-ലെ മദ്ധ്യവേനല്‍ അവധിക്കാലത്ത് എനിക്ക് ലഭിച്ചത് ഒരു സുവര്‍ണ്ണാവസരമായിരുന്നു. അച്ചന്‍റെ ഒന്നര മാസം നീണ്ടുനില്‍ക്കുന്ന ഉത്തരേന്ത്യന്‍ പര്യടനത്തിനും സുവിശേഷ പ്രഘോഷണത്തിനും സഹയാത്രികനായി എന്നെയും കൂട്ടി. തമിഴ്നാട്, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന പള്ളികളിലേക്കായിരുന്നു യാത്ര. 

അദ്ദേഹത്തെ സ്വീകരിക്കുവാന്‍ റയില്‍വേ സ്റ്റേഷനുകളിലും പള്ളികളിലും തിങ്ങിനില്‍ക്കുന്നവരെ പേരുചൊല്ലി വിളിച്ചും കത്തുകളിലൂടെ കൈമാറിയ ആശയങ്ങള്‍ ചര്‍ച്ച ചെയ്തും പരിപാടികള്‍ക്കു രൂപംകൊടുക്കുന്ന കാഴ്ച എനിക്ക് വിസ്മയമായി. പള്ളികളിലെ ശുശ്രൂഷകള്‍ക്കു ശേഷം വ്യക്തികള്‍ തമ്മില്‍ എന്തെങ്കിലും സൗന്ദര്യപിണക്കങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാവരും ഒരുമിച്ചിരുന്ന് പറഞ്ഞു തീര്‍ത്ത് രമ്യതയില്‍ എത്തുന്നത് ഇന്നും എന്‍റെ ഓര്‍മ്മയിലുണ്ട്. 

മറുനാടുകള്‍ തികച്ചും അപരിചിതമായിരുന്ന എന്നെ, അദ്ദേഹം പ്രസംഗിച്ച പ്രൗഢമായ എല്ലാ സദസ്സുകളിലും പുത്രനിര്‍വിശേഷമായ വാത്സല്യത്തോടെ പരിചയപ്പെടുത്തുകയും തിരുമേനിയുടെ പ്രസംഗത്തിനു മുമ്പായി 15 മിനിട്ട് വീതം പ്രസംഗിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. 'മദ്രാസ് മുതല്‍ ചണ്ഡിഗഡ്' വരെ എന്ന ഒരു ലേഖനം ഇതു സംബന്ധിച്ച് തിരുമേനി എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അന്ന് ചണ്ഡിഗഡില്‍ ഞാന്‍ പ്രസംഗിച്ച വേദവാക്യം 30-32 വര്‍ഷങ്ങള്‍ക്കു ശേഷം പാലാരിവട്ടം പള്ളിയില്‍ കണ്ടുമുട്ടിയപ്പോള്‍ രാജന്‍ കോശി (ലളിതാ ഈപ്പന്‍റെ സഹോദരന്‍) എടുത്തു പറഞ്ഞതും ദൈവവചനത്തിന്‍റെ ശക്തിയും സ്വാധീനവും തന്നെ. മഴവെള്ളത്തിനായി വേഴാമ്പല്‍ കാത്തിരിക്കുന്നതുപോലെ ഞങ്ങള്‍ വേദദൂതിനായി കാത്തിരിക്കുകയായിരുന്നെന്നും ബഹു. എം. വി. ജോര്‍ജ് അച്ചനും ഫിലിപ്പ് ശെമ്മാശ്ശനും നല്‍കിയ സന്ദേശങ്ങള്‍ ഞങ്ങളുടെ ദാഹം വര്‍ദ്ധിപ്പിച്ചെന്നും രാജന്‍ കോശി നന്ദിപ്രകാശനത്തില്‍ പറഞ്ഞതും ഇന്നലെ എന്നതുപോലെ ഓര്‍ക്കുന്നു.

അദ്ദേഹത്തോടൊപ്പമുള്ള തീവണ്ടി യാത്രയുടെ സുഖം ഒന്നു വേറെ തന്നെയാണ്. തീവണ്ടി സ്റ്റേഷനുകളില്‍ നിര്‍ത്തുമ്പോള്‍ അദ്ദേഹം ചാടിയിറങ്ങും. തിരികെ വരുന്നത് ഒരു കൈ നിറയെ ആനുകാലിക പ്രസിദ്ധീകരണങ്ങളും മറുകൈയില്‍ എനിക്കു പലഹാരങ്ങളുമായിട്ടാണ്. പ്രസിദ്ധീകരണങ്ങള്‍ വായിച്ച് ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടാണ് ഓരോ ദിവസവും പ്രസംഗിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ പുതുമയും കാലിക പ്രാധാന്യവും എടുത്തു പറയേണ്ടതില്ലല്ലോ (പ്രാസംഗികന്‍റെ ഒരു കൈയില്‍ വേദപുസ്തകവും മറുകൈയില്‍ ന്യൂസ്പേപ്പറും ഉണ്ടായിരിക്കണമെന്നു സെമിനാരിയില്‍ അച്ചന്‍ പഠിപ്പിച്ചതും ഓര്‍ത്തുപോകുന്നു).

മടക്കയാത്രയിലെ ഒരു സംഭവം കുറിക്കുന്നത് അദ്ദേഹത്തിന്‍റെ ഹൃദയവിശാലത എത്രയോ നിസ്വാര്‍ത്ഥവും അപാരവുമായിരുന്നു എന്ന് അനുസ്മരിക്കാനാണ്. മാര്‍ഗ്ഗമദ്ധ്യേ ഒരു വിജനസ്ഥലത്ത് ട്രെയിന്‍ ബ്രേക്ക്ഡൗണ്‍ ആയി. 7-8 മണിക്കൂറുകള്‍ കഴിഞ്ഞാണ് വീണ്ടും യാത്ര ആരംഭിക്കുന്നത്. ആരുടെയും പക്കല്‍ ഭക്ഷണസാധനങ്ങള്‍ ഒന്നുമില്ല. ചില സ്ത്രീകള്‍ ദൂരെ എവിടെയോ ഒരു വീട്ടില്‍ ചെന്ന് കട്ടന്‍ കാപ്പി ഉണ്ടാക്കി കൊണ്ടുവന്ന് കമ്പാര്‍ട്ട്മെന്‍റില്‍ ഉണ്ടായിരുന്നവര്‍ക്ക് നല്‍കി. അച്ചന്‍ എവിടെനിന്നോ കുറെ ബിസ്കറ്റ് വാങ്ങി കമ്പാര്‍ട്ട്മെന്‍റിലുള്ള എല്ലാവര്‍ക്കും വിതരണം ചെയ്തു. ഇതോര്‍ക്കുമ്പോള്‍ ഇന്നും എന്‍റെ കണ്ണുകള്‍ നിറയും. ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ പങ്കുവെയ്ക്കാന്‍ പ്രസംഗിക്കുക മാത്രമല്ല, പ്രവര്‍ത്തിച്ചു കാണിക്കാനും അവസരത്തിനൊത്തു അദ്ദേഹം ഉയര്‍ന്നു. കര്‍ത്താവ് അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ചതുപോലെ.

സഭാതര്‍ക്കം മൂലം ദുരിതം അനുഭവിക്കുന്ന വൈദികര്‍ക്ക് അദ്ദേഹം അത്താണിയായിരുന്നു. തര്‍ക്കം ആരംഭിച്ചപ്പോള്‍ തന്നെ അദ്ദേഹം ലഘുലേഖ പ്രസിദ്ധം ചെയ്തു. "ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍തിരിക്കരുത്." പാലാരിവട്ടം പള്ളിയില്‍ നല്‍കിയ നവതി സ്വീകരണത്തില്‍, തിരുമേനി മറുപടി പ്രസംഗം അവസാനിപ്പിച്ചത്, സഭാ യോജിപ്പ് സാദ്ധ്യമാകണം എന്ന ആഗ്രഹത്തോടു കൂടെയാണ്. മാത്രമല്ല ഹൃദയസ്പര്‍ശിയായ അന്ത്യകല്പനയിലും കുറിച്ചിരിക്കുന്നത് "സഭാ സമാധാനം ആഗ്രഹിച്ചു, നടന്നില്ല എന്ന ദുഃഖമുണ്ട്. നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. ദൈവ ഇഷ്ടം നടക്കട്ടെ" എന്നാണ്. പ. സഭയെ കുറിച്ച് അദ്ദേഹത്തിന്‍റെ വീക്ഷണവും ദര്‍ശനവും വെളിപ്പെടുത്തുവാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം. ഇന്നല്ലെങ്കില്‍ നാളെ സഭയില്‍ യോജിപ്പുണ്ടാകും. 

തിരുമേനി ആരംഭിച്ചിട്ടുള്ള സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഏറെയാണ്. അമ്പതില്‍ അധികം വരുമെന്നാണ് തോന്നുന്നത്. അവയില്‍ പലതിലും ആവശ്യത്തിനു വേലക്കാരില്ല. നമ്മുടെ യുവതീയുവാക്കള്‍ കഴിവുപോലെ തങ്ങളുടെ ജീവിതത്തിന്‍റെ ഒരു ഭാഗമെങ്കിലും ഈ സ്ഥാപനങ്ങളില്‍ സേവനത്തിനായി നല്‍കാന്‍ മുന്നോട്ടു വരുന്നത്, നിത്യതയില്‍ വലിയൊരു മുതല്‍ക്കൂട്ടായിരിക്കും. 'കൊയ്ത്തു വളരെ ഉണ്ട് സത്യം, വേലക്കാരോ ചുരുക്കം.' (ലൂക്കോസ് 10:2).     

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്: കുട്ടികളുടെ സ്നേഹിതന്‍ / ഫാ. കെ. റ്റി. ഫിലിപ്പ്


മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പേരും പെരുമയും അഖിലലോക സഭാതലങ്ങളിലും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലും ഉയര്‍ത്തിപ്പിടിക്കുവാന്‍ ദൈവം ഉപയോഗിച്ച അതുല്യ പ്രതിഭാശാലിയാണ് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്. 

ജനനം കൊണ്ട് മലയാളി ആയിരുന്നുവെങ്കിലും നാലു ഭൂഖണ്ഡങ്ങളിലും (ഏഷ്യാ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക) അനേകം സംസ്കാരങ്ങളിലുമായി പരന്നു കിടക്കുന്ന കര്‍മ്മമണ്ഡലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ മനസ്സും ശരീരവും. ആഗോള വ്യാപകമായ നീതി, നിരായുധീകരണം, സമാധാനം എന്നീ മേഖലകളില്‍ ലോകോത്തരമായ സംഭാവനകള്‍ അദ്ദേഹം നല്‍കി. 

1922 ആഗസ്റ്റ് 9-ന് തൃപ്പൂണിത്തുറ തടിക്കല്‍ വീട്ടില്‍ ടി. പി. പൈലിയുടെയും ഏലിയുടെയും മകനായി ജനിച്ച് 1996 നവംബര്‍ 24-ന് ഡല്‍ഹി ഓര്‍ത്തഡോക്സ് സെന്‍ററില്‍ കാലം ചെയ്യുന്നതു വരെയുള്ള തിരുമേനിയുടെ ജീവിതം ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു മഹാത്ഭുതം തന്നെ. കണ്ണുനീരില്‍ കുതിര്‍ന്ന ബാല്യകാലവും കഷ്ടതകളേറെ സഹിക്കേണ്ടി വന്ന കൗമാരകാലവും പാണ്ഡിത്യത്തിന്‍റെ പരമോന്നത ശൃംഗങ്ങളില്‍ വിരാജിച്ച പില്‍ക്കാല ജീവിതവും അദ്ദേഹത്തെ വിശ്വമാനവനാക്കി മാറ്റിയെടുത്തു. പൗരസ്ത്യ ക്രൈസ്തവ ജീവിതത്തിന്‍റെ അര്‍ത്ഥവും ആഴവും ആന്തരിക ശോഭയും ആത്മാവില്‍ ഉള്‍ക്കൊണ്ടിരുന്ന ഒരു ആദ്ധ്യാത്മിക ആചാര്യനെയാണ് തിരുമേനിയില്‍ ലോകം ദര്‍ശിച്ചത്. 

തിരുമേനിയുടെ ചിന്തകളും രചനകളും ഇന്ന് യൂറോപ്യന്‍ യൂണിവേഴ്സിറ്റികളില്‍ ഗവേഷണ പഠനവിഷയങ്ങളാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭ അറിയുന്നതിനേക്കാള്‍ അദ്ദേഹത്തെ അറിയുന്നതും ആദരിക്കുന്നതും ഇതര ഭൂഖണ്ഡങ്ങളിലുള്ള ചിന്തകരും പണ്ഡിതരും ആണെന്നുള്ളത് ഒരു പരമാര്‍ത്ഥമാണ്. 

തിരുമേനിയുടെ 'എന്‍ലൈറ്റന്‍മെന്‍റ് ഈസ്റ്റ് ആന്‍റ് വെസ്റ്റ്' എന്ന പുസ്തകത്തെക്കുറിച്ച് 1992-ല്‍ ടൈംസ് ഓഫ് ഇന്ത്യ എഴുതി: "കഴിഞ്ഞ ദശാബ്ദത്തില്‍ ഇറങ്ങിയ മികച്ച പത്തു ഗ്രന്ഥങ്ങളില്‍ ഒന്നാണിത്. സ്വാമി വിവേകാനന്ദനു ശേഷം ഇന്ത്യയുടെ ആത്മാവിനെ അടുത്തറിയുവാന്‍ ഇതുപകരിക്കുന്നു."

പാശ്ചാത്യരെ വിസ്മയിപ്പിച്ച വിഖ്യാതമായ വേറെയും ഗ്രന്ഥങ്ങള്‍ ഡോ. ഗ്രീഗോറിയോസ് തിരുമേനി രചിച്ചിട്ടുണ്ട്. 'കോസ്മിക് മാന്‍', 'ജോയ് ഓഫ് ഫ്രീഡം', 'ഫ്രീഡം ഓഫ് മാന്‍', 'ദ് ഹ്യൂമന്‍ പ്രസന്‍സ്' എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങള്‍ ഉണ്ട്. ഇംഗ്ലീഷില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥങ്ങള്‍ക്ക് ലോകത്തിലെ വിവിധ ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍ വന്നിട്ടുണ്ട്. മലയാളത്തില്‍ എഴുതിയ 'ദര്‍ശനത്തിന്‍റെ പൂക്കള്‍' എന്ന ഗ്രന്ഥം വളരെ ശ്രദ്ധേയമത്രെ. 

ദാര്‍ശനികന്‍, വേദശാസ്ത്ര ചിന്തകന്‍, ബഹുഭാഷാ പണ്ഡിതന്‍, ഫ്യൂച്ചറോളജിസ്റ്റ് എന്നീ നിലകളിലെല്ലാം വിശ്രുതനായിരുന്ന തിരുമേനിയുടെ പഠനങ്ങള്‍ ഗവേഷണ വിഷയങ്ങളാക്കുന്നവര്‍ക്കുവേണ്ടി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ 'പൗലോസ് മാര്‍ ഗ്രീഗോറിയോസ് ചെയര്‍' സജ്ജമാക്കിയിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍റെയും ശ്രീനാരായണ ഗുരുവിന്‍റെയും ഡോ. ബി. ആര്‍. അംബേദ്ക്കറിന്‍റെയും മറ്റും പേരിലാണ് ഇപ്രകാരമുള്ള ചെയറുകള്‍ മുമ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

ഒരു ദിവസം ന്യൂയോര്‍ക്കിലാണെങ്കില്‍ അടുത്ത ദിവസം പാരീസിലും തുടര്‍ന്നുള്ള ദിവസം മോസ്കോയിലും എന്ന മട്ടിലായിരുന്നു തിരുമേനിയുടെ പ്രഭാഷണ പരിപാടികള്‍. മാത്രമല്ല സീതാറാം യച്ചൂരി മുതല്‍ മിഖായേല്‍ ഗോര്‍ബച്ചേവു വരെയുള്ളവരുമായി അദ്ദേഹം രാഷ്ട്രീയ സംവാദത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു.

തിരുമേനിയുടെ 70-ാം ജന്മദിനത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍റെ "അങ്ങയുടെ ജീവിതത്തെയും ചിന്തയെയും രൂപപ്പെടുത്തിയ ദര്‍ശനമെന്താണ്?" എന്ന ചോദ്യത്തിന്‍റെ മറുപടി ഏറ്റവും വിനയാന്വിതനായിട്ടായിരുന്നു അദ്ദേഹം നല്‍കിയത്: "അതെന്‍റെ മതവിശ്വാസമാണ്. യേശുക്രിസ്തുവിനെ അറിയാന്‍ ശ്രമിച്ചതാണ്. ക്രിസ്തു എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് മനുഷ്യാവതാരം ചെയ്തത്. ക്രിസ്തു മനുഷ്യവര്‍ഗ്ഗത്തെ സ്നേഹിക്കുകയും മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി ജീവിക്കുകയും ചെയ്തു. ഈ ദര്‍ശനം എന്നെ സ്വാധീനിച്ചു. മനുഷ്യനാണ് എന്‍റെ ദര്‍ശനം."

ബഹുമുഖ വ്യക്തിപ്രഭാവവും അതിനനുസരിച്ചുള്ള തിരക്കുകളും ഉള്ള തിരുമേനിയുടെ നിഷ്ഠയുള്ള ആരാധനാജീവിതവും ആത്മീയതയും അതിശയിപ്പിക്കുന്നവിധത്തിലുള്ളതായിരുന്നു. ആദ്ധ്യാത്മികതയുടെ പാരമ്യം ആതുരരെ പരിപാലിക്കുന്നതിലാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അതിന്‍റെ ഒരു പ്രതിഫലനമാണ് ശിശുക്കളോട് അദ്ദേഹം കാണിച്ചിരുന്ന പ്രതിപത്തി. 
മുളന്തുരുത്തി തലക്കോടിലെ സെന്‍റ് മേരീസ് ബോയ്സ് ഹോമില്‍ അദ്ദേഹം വരുമ്പോഴെല്ലാം എത്ര വലിയ കൃത്യാന്തര ബാഹുല്യത്തിനിടയിലാണെങ്കിലും കുഞ്ഞുങ്ങളെ താലോലിച്ച് തലോടി അവരുമായി സല്ലപിക്കുവാന്‍ തിരുമേനി എപ്പോഴും സമയം കണ്ടെത്തിയിരുന്നു. അവരോടു കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നതിനു മാത്രമല്ല അവരുടെ നോട്ടുബുക്കുകള്‍ പോലും പരിശോധിച്ച് തെറ്റുകള്‍ തിരുത്തിക്കൊടുക്കുന്നതും ലേഖകന്‍ നേരില്‍ കണ്ടിട്ടുള്ളതാണ്. 
തിരുമേനി കാലം ചെയ്തതിനെ തുടര്‍ന്ന് മലയാള മനോരമയില്‍ പ്രത്യക്ഷപ്പെട്ട ലേഖനങ്ങള്‍ 'അവസാന നിമിഷം വരെ കര്‍മ്മനിരതന്‍' (ഡി. വിജയമോഹന്‍), 'ഇടിഞ്ഞത് ഒരു കുലപര്‍വ്വതം' (സുകുമാര്‍ അഴിക്കോട്), 'ഈ ജീവിതയാത്ര എത്ര ധന്യം, സഫലം' (പോള്‍ മണലില്‍), 'മഹാനായ പണ്ഡിതന്‍' (ഇ. എം. എസ്.), 'മാര്‍ ഗ്രീഗോറിയോസ്, പണ്ഡിതന്‍' (ഉപരാഷ്ട്രപതി കെ. ആര്‍. നാരായണന്‍), 'കണക്കിലെ കേമനായി എന്നുമീ കുഞ്ഞുങ്ങള്‍' (ജെക്കോബി), 'ഗ്രിഗോറിയോസിന്‍റെ ദേഹവിയോഗം കനത്ത നഷ്ടം' (സുര്‍ജിത്) എന്നിവയ്ക്കെല്ലാം മകുടം ചാര്‍ത്തുന്നവിധത്തിലായിരുന്നു "പൗരസ്ത്യ ദര്‍ശനത്തിന്‍റെ അപൂര്‍വ്വ ജ്യോതിസ്സ്" എന്ന പേരിലുള്ള വിജ്ഞാനപ്രദമായ എഡിറ്റോറിയല്‍. 

സഭാതര്‍ക്കത്തെ തുടര്‍ന്ന് സ്വജനങ്ങളും ചാര്‍ച്ചക്കാരും മാതൃഇടവകയും നിഷ്കരുണം ബഹിഷ്കരിച്ചപ്പോള്‍ ഒരു വ്യക്തമായ നിലപാടെടുക്കുവാനും പ്രതിസന്ധികളിലും ഭീഷണികളിലും തളരാതെ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ഒരു എളിയ ശുശ്രൂഷകനായി നിലനില്‍ക്കുവാനും ഈ ലേഖകനെ ഏറെ സഹായിച്ചത്, തിരുമേനിയില്‍ നിന്നും അനുസ്യൂതം ലഭിച്ചുകൊണ്ടിരുന്നതും കാലയവനികയില്‍ മറഞ്ഞുപോയെങ്കിലും ആ കബറിടത്തില്‍ നിന്നും നിരന്തരം നല്‍കപ്പെടുന്നതുമായ പിതൃവാത്സല്യമാണ് എന്ന സാക്ഷ്യത്തോടെ ഈ ലേഖനം ഉപസംഹരിക്കട്ടെ. എന്നെപ്പോലെ ജീവിതവഴിയില്‍ താങ്ങും തണലുമായി തിരുമേനിയെ കണ്ട വൈദികരും അവൈദികരും സഭയിലേറെയുണ്ടെന്നുള്ളതും പരമസത്യം തന്നെ. 

വിനയം സൗമ്യം മധുരം: ഫാ. കെ. റ്റി. ഫിലിപ്പ് സ്മൃതി ഗ്രന്ഥം

വിനയം സൗമ്യം മധുരം: ഫാ. കെ. റ്റി. ഫിലിപ്പ് സ്മൃതി ഗ്രന്ഥം വിനയം സൗമ്യം മധുരം  ഫാ. കെ. റ്റി. ഫിലിപ്പ് സ്മൃതി ഗ്രന്ഥം എഡി...