മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പേരും പെരുമയും അഖിലലോക സഭാതലങ്ങളിലും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലും ഉയര്‍ത്തിപ്പിടിക്കുവാന്‍ ദൈവം ഉപയോഗിച്ച അതുല്യ പ്രതിഭാശാലിയാണ് ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്.
ജനനം കൊണ്ട് മലയാളി ആയിരുന്നുവെങ്കിലും നാലു ഭൂഖണ്ഡങ്ങളിലും (ഏഷ്യാ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക) അനേകം സംസ്കാരങ്ങളിലുമായി പരന്നു കിടക്കുന്ന കര്‍മ്മമണ്ഡലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ മനസ്സും ശരീരവും. ആഗോള വ്യാപകമായ നീതി, നിരായുധീകരണം, സമാധാനം എന്നീ മേഖലകളില്‍ ലോകോത്തരമായ സംഭാവനകള്‍ അദ്ദേഹം നല്‍കി.
1922 ആഗസ്റ്റ് 9-ന് തൃപ്പൂണിത്തുറ തടിക്കല്‍ വീട്ടില്‍ ടി. പി. പൈലിയുടെയും ഏലിയുടെയും മകനായി ജനിച്ച് 1996 നവംബര്‍ 24-ന് ഡല്‍ഹി ഓര്‍ത്തഡോക്സ് സെന്‍ററില്‍ കാലം ചെയ്യുന്നതു വരെയുള്ള തിരുമേനിയുടെ ജീവിതം ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു മഹാത്ഭുതം തന്നെ. കണ്ണുനീരില്‍ കുതിര്‍ന്ന ബാല്യകാലവും കഷ്ടതകളേറെ സഹിക്കേണ്ടി വന്ന കൗമാരകാലവും പാണ്ഡിത്യത്തിന്‍റെ പരമോന്നത ശൃംഗങ്ങളില്‍ വിരാജിച്ച പില്‍ക്കാല ജീവിതവും അദ്ദേഹത്തെ വിശ്വമാനവനാക്കി മാറ്റിയെടുത്തു. പൗരസ്ത്യ ക്രൈസ്തവ ജീവിതത്തിന്‍റെ അര്‍ത്ഥവും ആഴവും ആന്തരിക ശോഭയും ആത്മാവില്‍ ഉള്‍ക്കൊണ്ടിരുന്ന ഒരു ആദ്ധ്യാത്മിക ആചാര്യനെയാണ് തിരുമേനിയില്‍ ലോകം ദര്‍ശിച്ചത്.
തിരുമേനിയുടെ ചിന്തകളും രചനകളും ഇന്ന് യൂറോപ്യന്‍ യൂണിവേഴ്സിറ്റികളില്‍ ഗവേഷണ പഠനവിഷയങ്ങളാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭ അറിയുന്നതിനേക്കാള്‍ അദ്ദേഹത്തെ അറിയുന്നതും ആദരിക്കുന്നതും ഇതര ഭൂഖണ്ഡങ്ങളിലുള്ള ചിന്തകരും പണ്ഡിതരും ആണെന്നുള്ളത് ഒരു പരമാര്‍ത്ഥമാണ്.
തിരുമേനിയുടെ 'എന്‍ലൈറ്റന്‍മെന്‍റ് ഈസ്റ്റ് ആന്‍റ് വെസ്റ്റ്' എന്ന പുസ്തകത്തെക്കുറിച്ച് 1992-ല്‍ ടൈംസ് ഓഫ് ഇന്ത്യ എഴുതി: "കഴിഞ്ഞ ദശാബ്ദത്തില്‍ ഇറങ്ങിയ മികച്ച പത്തു ഗ്രന്ഥങ്ങളില്‍ ഒന്നാണിത്. സ്വാമി വിവേകാനന്ദനു ശേഷം ഇന്ത്യയുടെ ആത്മാവിനെ അടുത്തറിയുവാന്‍ ഇതുപകരിക്കുന്നു."
പാശ്ചാത്യരെ വിസ്മയിപ്പിച്ച വിഖ്യാതമായ വേറെയും ഗ്രന്ഥങ്ങള്‍ ഡോ. ഗ്രീഗോറിയോസ് തിരുമേനി രചിച്ചിട്ടുണ്ട്. 'കോസ്മിക് മാന്‍', 'ജോയ് ഓഫ് ഫ്രീഡം', 'ഫ്രീഡം ഓഫ് മാന്‍', 'ദ് ഹ്യൂമന്‍ പ്രസന്‍സ്' എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങള്‍ ഉണ്ട്. ഇംഗ്ലീഷില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥങ്ങള്‍ക്ക് ലോകത്തിലെ വിവിധ ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍ വന്നിട്ടുണ്ട്. മലയാളത്തില്‍ എഴുതിയ 'ദര്‍ശനത്തിന്‍റെ പൂക്കള്‍' എന്ന ഗ്രന്ഥം വളരെ ശ്രദ്ധേയമത്രെ.
ദാര്‍ശനികന്‍, വേദശാസ്ത്ര ചിന്തകന്‍, ബഹുഭാഷാ പണ്ഡിതന്‍, ഫ്യൂച്ചറോളജിസ്റ്റ് എന്നീ നിലകളിലെല്ലാം വിശ്രുതനായിരുന്ന തിരുമേനിയുടെ പഠനങ്ങള്‍ ഗവേഷണ വിഷയങ്ങളാക്കുന്നവര്‍ക്കുവേണ്ടി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ 'പൗലോസ് മാര്‍ ഗ്രീഗോറിയോസ് ചെയര്‍' സജ്ജമാക്കിയിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍റെയും ശ്രീനാരായണ ഗുരുവിന്‍റെയും ഡോ. ബി. ആര്‍. അംബേദ്ക്കറിന്‍റെയും മറ്റും പേരിലാണ് ഇപ്രകാരമുള്ള ചെയറുകള്‍ മുമ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഒരു ദിവസം ന്യൂയോര്‍ക്കിലാണെങ്കില്‍ അടുത്ത ദിവസം പാരീസിലും തുടര്‍ന്നുള്ള ദിവസം മോസ്കോയിലും എന്ന മട്ടിലായിരുന്നു തിരുമേനിയുടെ പ്രഭാഷണ പരിപാടികള്‍. മാത്രമല്ല സീതാറാം യച്ചൂരി മുതല്‍ മിഖായേല്‍ ഗോര്‍ബച്ചേവു വരെയുള്ളവരുമായി അദ്ദേഹം രാഷ്ട്രീയ സംവാദത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു.
തിരുമേനിയുടെ 70-ാം ജന്മദിനത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍റെ "അങ്ങയുടെ ജീവിതത്തെയും ചിന്തയെയും രൂപപ്പെടുത്തിയ ദര്‍ശനമെന്താണ്?" എന്ന ചോദ്യത്തിന്‍റെ മറുപടി ഏറ്റവും വിനയാന്വിതനായിട്ടായിരുന്നു അദ്ദേഹം നല്‍കിയത്: "അതെന്‍റെ മതവിശ്വാസമാണ്. യേശുക്രിസ്തുവിനെ അറിയാന്‍ ശ്രമിച്ചതാണ്. ക്രിസ്തു എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് മനുഷ്യാവതാരം ചെയ്തത്. ക്രിസ്തു മനുഷ്യവര്‍ഗ്ഗത്തെ സ്നേഹിക്കുകയും മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി ജീവിക്കുകയും ചെയ്തു. ഈ ദര്‍ശനം എന്നെ സ്വാധീനിച്ചു. മനുഷ്യനാണ് എന്‍റെ ദര്‍ശനം."
ബഹുമുഖ വ്യക്തിപ്രഭാവവും അതിനനുസരിച്ചുള്ള തിരക്കുകളും ഉള്ള തിരുമേനിയുടെ നിഷ്ഠയുള്ള ആരാധനാജീവിതവും ആത്മീയതയും അതിശയിപ്പിക്കുന്നവിധത്തിലുള്ളതായിരുന്നു. ആദ്ധ്യാത്മികതയുടെ പാരമ്യം ആതുരരെ പരിപാലിക്കുന്നതിലാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അതിന്‍റെ ഒരു പ്രതിഫലനമാണ് ശിശുക്കളോട് അദ്ദേഹം കാണിച്ചിരുന്ന പ്രതിപത്തി.
മുളന്തുരുത്തി തലക്കോടിലെ സെന്‍റ് മേരീസ് ബോയ്സ് ഹോമില്‍ അദ്ദേഹം വരുമ്പോഴെല്ലാം എത്ര വലിയ കൃത്യാന്തര ബാഹുല്യത്തിനിടയിലാണെങ്കിലും കുഞ്ഞുങ്ങളെ താലോലിച്ച് തലോടി അവരുമായി സല്ലപിക്കുവാന്‍ തിരുമേനി എപ്പോഴും സമയം കണ്ടെത്തിയിരുന്നു. അവരോടു കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നതിനു മാത്രമല്ല അവരുടെ നോട്ടുബുക്കുകള്‍ പോലും പരിശോധിച്ച് തെറ്റുകള്‍ തിരുത്തിക്കൊടുക്കുന്നതും ലേഖകന്‍ നേരില്‍ കണ്ടിട്ടുള്ളതാണ്.
തിരുമേനി കാലം ചെയ്തതിനെ തുടര്‍ന്ന് മലയാള മനോരമയില്‍ പ്രത്യക്ഷപ്പെട്ട ലേഖനങ്ങള്‍ 'അവസാന നിമിഷം വരെ കര്‍മ്മനിരതന്‍' (ഡി. വിജയമോഹന്‍), 'ഇടിഞ്ഞത് ഒരു കുലപര്‍വ്വതം' (സുകുമാര്‍ അഴിക്കോട്), 'ഈ ജീവിതയാത്ര എത്ര ധന്യം, സഫലം' (പോള്‍ മണലില്‍), 'മഹാനായ പണ്ഡിതന്‍' (ഇ. എം. എസ്.), 'മാര്‍ ഗ്രീഗോറിയോസ്, പണ്ഡിതന്‍' (ഉപരാഷ്ട്രപതി കെ. ആര്‍. നാരായണന്‍), 'കണക്കിലെ കേമനായി എന്നുമീ കുഞ്ഞുങ്ങള്‍' (ജെക്കോബി), 'ഗ്രിഗോറിയോസിന്‍റെ ദേഹവിയോഗം കനത്ത നഷ്ടം' (സുര്‍ജിത്) എന്നിവയ്ക്കെല്ലാം മകുടം ചാര്‍ത്തുന്നവിധത്തിലായിരുന്നു "പൗരസ്ത്യ ദര്‍ശനത്തിന്‍റെ അപൂര്‍വ്വ ജ്യോതിസ്സ്" എന്ന പേരിലുള്ള വിജ്ഞാനപ്രദമായ എഡിറ്റോറിയല്‍.
സഭാതര്‍ക്കത്തെ തുടര്‍ന്ന് സ്വജനങ്ങളും ചാര്‍ച്ചക്കാരും മാതൃഇടവകയും നിഷ്കരുണം ബഹിഷ്കരിച്ചപ്പോള്‍ ഒരു വ്യക്തമായ നിലപാടെടുക്കുവാനും പ്രതിസന്ധികളിലും ഭീഷണികളിലും തളരാതെ മാര്‍ത്തോമ്മാ ശ്ലീഹായാല്‍ സ്ഥാപിതമായ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ഒരു എളിയ ശുശ്രൂഷകനായി നിലനില്‍ക്കുവാനും ഈ ലേഖകനെ ഏറെ സഹായിച്ചത്, തിരുമേനിയില്‍ നിന്നും അനുസ്യൂതം ലഭിച്ചുകൊണ്ടിരുന്നതും കാലയവനികയില്‍ മറഞ്ഞുപോയെങ്കിലും ആ കബറിടത്തില്‍ നിന്നും നിരന്തരം നല്‍കപ്പെടുന്നതുമായ പിതൃവാത്സല്യമാണ് എന്ന സാക്ഷ്യത്തോടെ ഈ ലേഖനം ഉപസംഹരിക്കട്ടെ. എന്നെപ്പോലെ ജീവിതവഴിയില്‍ താങ്ങും തണലുമായി തിരുമേനിയെ കണ്ട വൈദികരും അവൈദികരും സഭയിലേറെയുണ്ടെന്നുള്ളതും പരമസത്യം തന്നെ.
No comments:
Post a Comment