ദീര്‍ഘനാള്‍ ഉറ്റ ആത്മബന്ധം പുലര്‍ത്തുകയും, നിരന്തരമായി ആശയവിനിമയം ചെയ്തിട്ടുള്ളവരുമായ വ്യക്തികളെ അനുസ്മരിക്കുന്നത് അത്യന്തം ഹൃദ്യമായ ഒരു കാര്യമാണ്. സുദീര്‍ഘ ബന്ധങ്ങളിലെ സന്തോഷകരമായ കാര്യങ്ങളെ അയവിറക്കുന്നതിനും, സന്തുഷ്ടി കൈവരുത്തുന്നതിനും അതു സഹായിക്കും. അത്തരം അനുസ്മരണകള്‍ പിന്‍തലമുറയ്ക്ക് മുതല്‍ക്കൂട്ടായി പരിഗണിക്കാം. ജീവിതം ധന്യമാകുന്നത് ഉത്തമബന്ധങ്ങള്‍ വ്യാപ്തമായി പുലര്‍ത്തുന്നതിലും കാത്തുസൂക്ഷിക്കുന്നതിലുമാണ്.
സെമിനാരിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒട്ടനേകംപേര്‍ ഉണ്ടെങ്കിലും, എന്നോട് തുടര്‍ബന്ധം പുലര്‍ത്തിയിട്ടുള്ളവര്‍ വളരെ പേരില്ല. എന്നാല്‍ ഭാഗ്യസ്മരണാര്‍ഹനായ കെ. റ്റി. ഫിലിപ്പച്ചന്‍ നിരന്തരമായി എന്നോട് ബന്ധപ്പെട്ടിരുന്നു. ഫോണില്‍ കൂടിയും എഴുത്തില്‍ കൂടിയും ആശയവിനിമയം ചെയ്തുപോന്നു. എല്ലാം സഭാപരമായ വിഷയങ്ങള്‍ തന്നെ. സ്വന്ത അഭിപ്രായവും വീക്ഷണവും തുറന്നു പറയുന്നതിനും, വിമര്‍ശനാത്മകമായിട്ടുള്ളവ ആ വിധത്തില്‍ അവതരിപ്പിക്കുന്നതിനും അദ്ദേഹം മടിച്ചില്ല. സഭയുടെ പൊതുവായ എല്ലാ സമ്മേളനങ്ങളിലും കൃത്യമായി സംബന്ധിക്കുന്നതുപോലെ തന്നെ എന്നെ സംബന്ധിക്കുന്ന പരിപാടികളിലും സംഗമങ്ങളിലും അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യം ഉറപ്പായിരുന്നു.
മാവേലിക്കര സുവിശേഷാലയത്തില്‍ നടത്തിവന്ന സമ്മര്‍ ക്ലാസ്സിലാണ് ആദ്യം ആ യുവാവിനെ കാണുന്നത്. പിന്നീട് സെമിനാരിയില്‍ വിദ്യാര്‍ത്ഥിയായി ചേര്‍ന്നപ്പോള്‍ കൂടുതല്‍ അടുത്ത സമ്പര്‍ക്കത്തിന് അവസരമുണ്ടായി. അന്ന് എന്നെ സ്പര്‍ശിച്ച രണ്ടു മൂന്നു കാര്യങ്ങള്‍ ഉണ്ട്. ഒന്ന്, ഇദ്ദേഹത്തിന് രക്തസംബന്ധമായ ഒരു രോഗമുണ്ടായിരുന്നതാണ്. വായില്‍ കൂടി ബ്ലീഡിംഗ് ഉണ്ടാകുന്നു. ചിലപ്പോള്‍ അത് ദുസ്സഹമായി തീരുന്നു എന്നുള്ളത്. പക്ഷേ ആ അസ്വാസ്ഥ്യത്തെ ധീരതയോടെ നേരിടുകയും ആവശ്യമായ ചികിത്സകള്‍ ഒക്കെ നടത്തുകയും ചെയ്തു. അതിലും ഉപരി പ്രാര്‍ത്ഥനയിലുള്ള ആശ്രയം, അത് അദ്ദേഹത്തിന് ശക്തിയും ധൈര്യവും നല്‍കി.
രണ്ടാമത്തെ കാര്യം, ഇദ്ദേഹവും ഫാ. പോള്‍ വര്‍ഗീസും (പിന്നീട് പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ) പാത്രിയര്‍ക്കീസ് ഭാഗത്തെ, തൃപ്പൂണിത്തുറ നടമേല്‍ ഇടവകാംഗങ്ങള്‍ ആകുന്നു എന്ന വസ്തുതയാണ്. സഭ യോജിച്ച സന്ദര്‍ഭത്തില്‍ എല്ലാ ഇടവകകളും കാതോലിക്കേറ്റിനെ അംഗീകരിച്ച് ഒന്നായി നിന്നു എങ്കിലും, പിന്നീട് പാത്രിയര്‍ക്കീസ് വിഭാഗക്കാര്‍ പിന്‍മാറിപ്പോവുകയായിരുന്നല്ലോ. ഇടവക മുഴുവനും, സ്വന്തം കുടുംബക്കാരും പിന്മാറിപ്പോകുകയും, കഥാപുരുഷന്‍റെ മേല്‍ അതീവ സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്തെങ്കിലും കാതോലിക്കാ ഭാഗത്ത് ഉറച്ചുനില്‍ക്കുവാന്‍ ധൈര്യപ്പെടുകയുമാണ് ചെയ്തത്. അതു മൂലം പല പ്രയാസങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വന്നെങ്കിലും പിന്മാറി പോയില്ല. സെമിനാരിയില്‍ പഠിച്ച ചിലരൊക്കെ പിന്മാറിപ്പോയതായ ചരിത്രമുണ്ട്. അവരില്‍ ചിലര്‍ ആ ഭാഗത്ത് മെത്രാന്മാരായിത്തീരുകയും ചെയ്തിട്ടുണ്ട്. കെ. റ്റി. ഫിലിപ്പച്ചന്‍റെ ധീരമായ നിലപാടാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിത്തീര്‍ത്ത ഒരു വസ്തുത.
അദ്ദേഹത്തിന്‍റെ ദൗത്യനിര്‍വഹണത്തെപ്പറ്റി പ്രശംസാര്‍ഹമെന്നാണ് പറയേണ്ടത്. അദ്ദേഹം സേവനം അനുഷ്ഠിച്ച എല്ലാ പള്ളികളിലും - വലിയ പള്ളികളിലും, ചെറിയ പള്ളികളിലും - ഓരോ ആദ്ധ്യാത്മിക പരിപാടിക്കായി എന്നെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആതിഥ്യം സ്വീകരിച്ച് കൂടെ താമസിച്ചിട്ടുമുണ്ട്. ഇടവക പ്രവര്‍ത്തനങ്ങളെപ്പറ്റി നേരിട്ടറിയുന്നതിനും ബോധ്യപ്പെടുന്നതിനുമുള്ള അവസരങ്ങളായിരുന്നു അത്. മാതൃകാപരമായ പല കാര്യങ്ങളും പിന്‍തുടര്‍ന്നതായി കണ്ടു. പല വൈദികരും പരാജയപ്പെടുന്നത് ഇടവകയിലെ എല്ലാവരെയും ഒരുപോലെ കണ്ട്, പക്ഷഭേദം വരുത്താതെ സേവനം അനുഷ്ഠിക്കുന്നതിലാണ്. സമ്പന്നരെന്നോ ദരിദ്രരെന്നോ യുവാക്കളെന്നോ, പക്ഷമില്ലാതെ എല്ലാവരോടും ആത്മിക പിതാവെന്ന നിലയില്‍ ബന്ധപ്പെടേണ്ടതാണ്. സ്വന്ത അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ അദ്ദേഹം ഒട്ടും ശങ്കിച്ചില്ല. അത് തിരുമേനിമാരോടും ആ വിധത്തില്‍ വര്‍ത്തിച്ചു. മനഃസാക്ഷിയെ വഞ്ചിച്ച് പ്രീതിപ്പെടുത്തുക എന്ന നയം അദ്ദേഹത്തിന് അന്യമായിരുന്നു.
ഭവനസന്ദര്‍ശനം ക്രമമായി നടത്തുകയും ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുകയും ചെയ്തു. ആരാധനയില്‍ വചനശുശ്രൂഷയ്ക്ക് പ്രാധാന്യം നല്‍കി. പ്രസംഗം ആരാധനയുടെ ഒരു അവിഭാജ്യഘടകമായി പല വൈദികരും കാണുന്നില്ല എന്ന് പറയേണ്ടിയിരിക്കുന്നു. അലസതയും അശ്രദ്ധയുമാണ് അതിനു കാരണം. വൈദികര്‍ തുടര്‍പഠനം നടത്താന്‍ ബാധ്യസ്ഥരാണ്. എങ്കില്‍ മാത്രമേ സമകാലീന സമൂഹത്തിന്‍റെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദ്ദേശിക്കാന്‍ കഴിയൂ.
ഇടവക പ്രവര്‍ത്തനം എന്നുള്ളത് കര്‍മ്മാനുഷ്ഠാനങ്ങളില്‍ മാത്രം പരിമിതിപ്പെടുത്തിക്കൂടാ. ആദ്ധ്യാത്മിക സംഘടനകളും പ്രസ്ഥാനങ്ങളും ശക്തിപ്പെടുത്തുകയും, വ്യക്തിപരമായ കൗണ്‍സലിംഗ് വേണ്ടവര്‍ക്ക് അത് നല്‍കുകയും, രോഗികളെയും വാര്‍ദ്ധക്യത്തിലിരിക്കുന്നവരെയും സന്ദര്‍ശിച്ച്
സാന്ത്വനങ്ങളും പ്രാര്‍ത്ഥനകളും നടത്തേണ്ടതുമാണ്. ഫിലിപ്പച്ചന്‍ ഇക്കാര്യങ്ങളിലൊക്കെ ശ്രദ്ധിച്ചിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
അച്ചന്‍റെ മറ്റൊരു വലിയ സേവനരംഗമാണ് അശരണരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോയ്സ് ഹോം. പൗലോസ് ഗ്രീഗോറിയോസ് തിരുമേനി ബോയ്സ് ഹോമുമായി ബന്ധപ്പെട്ടതാണ്, അച്ചന്‍ അതിന്‍റെ പ്രവര്‍ത്തനത്തിന് വരാന്‍ നിമിത്തമായത്. ഇപ്പോള്‍ അതിന്‍റെ വലിയ സഹായകനും, പ്രോത്സാഹകനുമായിട്ടുള്ളത്, ഉദാരസമ്പന്നനും, തികഞ്ഞ മനുഷ്യസ്നേഹിയുമായ ഡോ. ചെറിയാന്‍ ഈപ്പനാണ്. ബോയ്സ് ഹോമിന്‍റെ പ്രവര്‍ത്തനത്തില്‍ വന്ദ്യ റ്റി. പി. ഏലിയാസ് അച്ചന്‍റെ നിസ്തുല സേവനവും, പ്രശംസാര്‍ഹവുമായ നേതൃത്വവും വിസ്മരിക്കാവുന്നതല്ല.
ബോയ്സ് ഹോമിന്‍റെ പ്രവര്‍ത്തനത്തില്‍ ഫിലിപ്പച്ചന്‍, മറ്റു പല ഉത്തരവാദിത്തങ്ങളോടൊപ്പം താല്‍പര്യപൂര്‍വ്വം സഹകരിച്ച് പങ്കാളിത്തം വഹിച്ചു. അവശതയിലും, പ്രയാസത്തിലും കഴിയുന്നവരെ സഹായിക്കുന്നതിനുള്ള സേവനമനോഭാവമാണ് ആ പ്രവര്‍ത്തനത്തില്‍ വെളിപ്പെടുന്നത്. സ്നേഹത്തിന്‍റെ ഹൃദയമാണ് സേവനത്തിന് നമ്മെ പ്രേരിപ്പിക്കുന്നത്. ക്രിസ്തീയ ജീവിതത്തിന്‍റെ സ്ഥായീഭാവം സ്നേഹമാണ്.
ഫിലിപ്പച്ചനെപ്പറ്റി പ്രസ്താവിക്കേണ്ട മറ്റൊരു കാര്യം, അച്ചന്‍റെ സാമ്പത്തിക കാര്യങ്ങളിലുള്ള അച്ചടക്കവും, കാര്യവിചാരകത്വബോധവുമാണ്. വൈദികരെപ്പറ്റി ഉയരുന്ന വിമര്‍ശനങ്ങളില്‍ ഒന്ന്, പണത്തോടുള്ള മോഹവും, അതു നേടുന്നതിനുള്ള ശ്രമവുമാണ്. ചെറിയ ഒരു ന്യൂനപക്ഷം മാത്രമേ ഈ വിമര്‍ശനത്തിന് വിധേയരാകുന്നുള്ളു എന്നുള്ളത് സന്തോഷകരമാണ്. നമ്മുടെ കഥാപുരുഷന്‍ അക്കാര്യത്തില്‍ തികഞ്ഞ സത്യസന്ധതയും, അച്ചടക്കവും പാലിച്ചു. ഒരു നല്ല ഭവനം നിര്‍മ്മിക്കാന്‍ കഴിഞ്ഞു എന്നുള്ളത് മാത്രമാണ് അദ്ദേഹത്തിന്‍റെ നേട്ടം.
ഭവനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കുടുംബത്തെപ്പറ്റി പരാമര്‍ശിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് ദൈവം കല്പിച്ചു നല്‍കിയ പങ്കാളി നല്ല ക്രിസ്തീയ പാരമ്പര്യവും, പ്രവര്‍ത്തന ചരിത്രവുമുള്ള ഒരു കുടുംബത്തില്‍ നിന്നാണ്. ഭാര്യാപിതാവ് പള്ളം കരയിലുള്ള എല്ലാവര്‍ക്കും പ്രിയങ്കരനായ വ്യക്തി ആയിരുന്നു. അച്ചന്‍റെ രോഗാവസ്ഥയിലൊക്കെ ജീവിതപങ്കാളി സഹായവും ആശ്വാസവും നല്‍കി പരിചരണത്തില്‍ മുഴുകിയിരുന്നു. മിതഭാഷിയും, വൈദിക പത്നി എന്ന സ്ഥാനത്തിന്‍റെ ധര്‍മ്മം ശരിയായി മനസ്സിലാക്കിയ വ്യക്തിയുമായിരുന്നു. ഏക മകന്‍ മീഖയും അച്ചന് സഹായിയും, വിശ്വസ്തനുമായി വര്‍ത്തിച്ചു. പല പ്രാവശ്യം ഞാന്‍ ആ ഭവനം സന്ദര്‍ശിക്കയും പ്രാര്‍ത്ഥിക്കയും ചെയ്തിട്ടുണ്ട്.
നിശ്ചയമായും നല്ല സ്മരണകള്‍ സമര്‍പ്പിച്ചിട്ടാണ് ഫിലിപ്പച്ചന്‍ ശാശ്വത ഭവനത്തിലേക്ക് യാത്രയായത്. നാം ഓരോരുത്തരും അവശേഷിപ്പിക്കുന്നത് നമ്മുടെ സ്മരണകള്‍ മാത്രമാണ്. അത് മധുരസ്മരണകള്‍ ആകുവാന്‍ തക്കവണ്ണം നമ്മുടെ ജീവിതവും പ്രവര്‍ത്തനവും ശ്രദ്ധാപൂര്‍വ്വം നയിക്കാന്‍ ഇടയാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
"നിങ്ങളോട് ദൈവവചനം പ്രസംഗിച്ച് നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്‍വീന്‍; അവരുടെ ജീവാവസാനം ഓര്‍ത്ത് അവരുടെ വിശ്വാസം അനുകരിപ്പീന്‍" (എബ്രായര്‍ 13:7).
No comments:
Post a Comment