Sunday, 16 August 2020

സ്നേഹത്തിന്‍റെ തൂവല്‍സ്പര്‍ശം / ഫാ. കെ. റ്റി. ഫിലിപ്പ്


മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരെ അറിയുകയും ഏറ്റവും കൂടുതല്‍ മനുഷ്യര്‍ അറിയുകയും ചെയ്യുന്ന തിരുമേനി ആയിരുന്നു ഭാഗ്യസ്മരണാര്‍ഹനായ സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി. ഉന്നതനായ തിരുമേനിയുമായി ഒരു ഗാഢമായ ആത്മബന്ധം കാത്തുസൂക്ഷിക്കുവാന്‍ എളിയവനായ എനിക്കു കഴിഞ്ഞത് ഒരു സൗഭാഗ്യമായി കരുതുകയാണ്. 

ഇപ്പോള്‍ ഞാന്‍ ശുശ്രൂഷ ചെയ്യുന്ന പുരാതന ദേവാലയമായ ചെറായി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഒഴികെ, ഞാന്‍ നിയോഗിക്കപ്പെട്ട എല്ലാ ദേവാലയങ്ങളിലും എളിയ ക്ഷണം സ്വീകരിച്ച്, ശാരീരികക്ലേശങ്ങള്‍ അവഗണിച്ച് തിരുമേനി എഴുന്നെള്ളി വന്ന് ധന്യമായി അനുഗ്രഹിച്ച്, ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി പരിപോഷിപ്പിച്ചിട്ടുള്ളത് ഒരിക്കലും മറക്കാനൊക്കുകയില്ല. ചെറായി പള്ളിയിലും അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യവും മദ്ധ്യസ്ഥതയും ശുശ്രൂഷകള്‍ക്ക് എനിക്ക് ശക്തിപകരുന്നു. 

ദശാംശം കൃത്യമായി വേര്‍തിരിക്കാനും, പണമിടപാടുകളില്‍ നൂറു ശതമാനവും സുതാര്യത പാലിക്കാനും പള്ളികള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ സുമനസ്സുകള്‍ നല്‍കുന്നത് ഒരു രൂപയാണെങ്കില്‍ പോലും കൃത്യമായി കണക്കെഴുതി, രശീതു നല്‍കുവാനും അതില്‍ നിന്ന് ഉപ്പുനോക്കാനും തൊട്ടുനക്കാനും (തിരുമേനിയുടെ ഭാഷ) ഇടയാകാതെ വിശ്വസ്തത നിലനിര്‍ത്തുവാനും തിരുമേനി പരിശീലിപ്പിച്ചത് ഇന്നും എനിക്കൊരു മുതല്‍ക്കൂട്ടാണ്. ആണ്ടോടാണ്ട് വി. വേദപുസ്തകം ഓരോ തവണയെങ്കിലും വായിച്ചു പഠിക്കണമെന്ന തിരുമേനിയുടെ നിര്‍ദ്ദേശവും ഞാനിന്നും ദൈവാനുഗ്രഹത്താല്‍ പാലിച്ചു പോരുന്നു. 

നാം ചില വ്യക്തികളെ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ ചിലപ്പോള്‍ നിരാശയും ഒരു പ്രത്യേക തരത്തിലുള്ള ഡിപ്രഷനും നമ്മെ കുറെ നേരത്തേക്ക് പിടികൂടും. ചില വ്യക്തികളെ സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ നാം പതിവില്‍ കൂടുതല്‍ ഉന്മേഷഭരിതരും ആഹ്ലാദമുള്ളവരും ആയിരിക്കും. ഇതൊരു പ്രകൃതിയുടെ പ്രതിഭാസമാണെന്ന് ഏതോ ഗ്രന്ഥത്തില്‍ വായിച്ചിട്ടുണ്ട്. ഇതു സത്യമാണെന്ന് അനുഭവത്തില്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഒസ്താത്തിയോസ് തിരുമേനിയുടെ സമീപത്ത് എപ്പോള്‍ കടന്നുചെന്നാലും ഒരുപക്ഷേ തിരുമേനി ഉറങ്ങുകയാണെങ്കില്‍ പോലും ഒരു പ്രത്യേക സ്വസ്ഥതയും ശാന്തിയുമാണ് ആ സാമീപ്യത്തില്‍ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഇത് എന്‍റെ മാത്രം അനുഭവം അല്ല താനും. തന്നെ സമീപിക്കുന്നവരെ നിരാശ നീക്കി ഉന്മേഷഭരിതരാക്കുന്ന ഏതോ ഒരു അദൃശ്യ ജീവപ്രഭ തിരുമേനിയില്‍ ഉണ്ടായിരുന്നു.

തിരുമേനി വൈദികനായിരുന്നപ്പോള്‍ എന്നെ സ്വാധീനിച്ച ഒരു സംഭവം പറയട്ടെ. എന്‍റെ സെമിനാരി വിദ്യാഭ്യാസം കഴിഞ്ഞ സമയം (1973). സഭയില്‍ ആവിര്‍ഭവിച്ച നിര്‍ഭാഗ്യമായ തര്‍ക്കം വളര്‍ന്നപ്പോള്‍ ഓര്‍ത്തഡോക്സ് ഭാഗത്തു തന്നെ ഉറച്ചുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചതിനാല്‍, സ്വന്ത ഭവനത്തിലും ജന്മനാട്ടിലും മാതൃ ഇടവകയിലും (തൃപ്പൂണിത്തുറ നടമേല്‍ സെന്‍റ് മേരീസ്) എനിക്ക് സ്ഥാനമില്ലാതായി. ഞാന്‍ പഠിച്ച സെമിനാരിയും വന്ദ്യരായ ഗുരുഭൂതരും ഇപ്രകാരം ഒരു നിലപാടെടുക്കുവാന്‍ എനിക്കു പ്രചോദനവും മാതൃകയുമായി. അപ്പോള്‍ ബഹു. എം. വി. ജോര്‍ജ് അച്ചന്‍ എന്‍റെ ദുരവസ്ഥ മനസ്സിലാക്കി മാവേലിക്കര സെന്‍റ് പോള്‍സ് വയോമിങ് ഗോസ്പല്‍ ഹാളിന്‍റെ സെക്രട്ടറിയായി നിയമിച്ചു. 1974-ലെ മദ്ധ്യവേനല്‍ അവധിക്കാലത്ത് എനിക്ക് ലഭിച്ചത് ഒരു സുവര്‍ണ്ണാവസരമായിരുന്നു. അച്ചന്‍റെ ഒന്നര മാസം നീണ്ടുനില്‍ക്കുന്ന ഉത്തരേന്ത്യന്‍ പര്യടനത്തിനും സുവിശേഷ പ്രഘോഷണത്തിനും സഹയാത്രികനായി എന്നെയും കൂട്ടി. തമിഴ്നാട്, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന പള്ളികളിലേക്കായിരുന്നു യാത്ര. 

അദ്ദേഹത്തെ സ്വീകരിക്കുവാന്‍ റയില്‍വേ സ്റ്റേഷനുകളിലും പള്ളികളിലും തിങ്ങിനില്‍ക്കുന്നവരെ പേരുചൊല്ലി വിളിച്ചും കത്തുകളിലൂടെ കൈമാറിയ ആശയങ്ങള്‍ ചര്‍ച്ച ചെയ്തും പരിപാടികള്‍ക്കു രൂപംകൊടുക്കുന്ന കാഴ്ച എനിക്ക് വിസ്മയമായി. പള്ളികളിലെ ശുശ്രൂഷകള്‍ക്കു ശേഷം വ്യക്തികള്‍ തമ്മില്‍ എന്തെങ്കിലും സൗന്ദര്യപിണക്കങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാവരും ഒരുമിച്ചിരുന്ന് പറഞ്ഞു തീര്‍ത്ത് രമ്യതയില്‍ എത്തുന്നത് ഇന്നും എന്‍റെ ഓര്‍മ്മയിലുണ്ട്. 

മറുനാടുകള്‍ തികച്ചും അപരിചിതമായിരുന്ന എന്നെ, അദ്ദേഹം പ്രസംഗിച്ച പ്രൗഢമായ എല്ലാ സദസ്സുകളിലും പുത്രനിര്‍വിശേഷമായ വാത്സല്യത്തോടെ പരിചയപ്പെടുത്തുകയും തിരുമേനിയുടെ പ്രസംഗത്തിനു മുമ്പായി 15 മിനിട്ട് വീതം പ്രസംഗിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. 'മദ്രാസ് മുതല്‍ ചണ്ഡിഗഡ്' വരെ എന്ന ഒരു ലേഖനം ഇതു സംബന്ധിച്ച് തിരുമേനി എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അന്ന് ചണ്ഡിഗഡില്‍ ഞാന്‍ പ്രസംഗിച്ച വേദവാക്യം 30-32 വര്‍ഷങ്ങള്‍ക്കു ശേഷം പാലാരിവട്ടം പള്ളിയില്‍ കണ്ടുമുട്ടിയപ്പോള്‍ രാജന്‍ കോശി (ലളിതാ ഈപ്പന്‍റെ സഹോദരന്‍) എടുത്തു പറഞ്ഞതും ദൈവവചനത്തിന്‍റെ ശക്തിയും സ്വാധീനവും തന്നെ. മഴവെള്ളത്തിനായി വേഴാമ്പല്‍ കാത്തിരിക്കുന്നതുപോലെ ഞങ്ങള്‍ വേദദൂതിനായി കാത്തിരിക്കുകയായിരുന്നെന്നും ബഹു. എം. വി. ജോര്‍ജ് അച്ചനും ഫിലിപ്പ് ശെമ്മാശ്ശനും നല്‍കിയ സന്ദേശങ്ങള്‍ ഞങ്ങളുടെ ദാഹം വര്‍ദ്ധിപ്പിച്ചെന്നും രാജന്‍ കോശി നന്ദിപ്രകാശനത്തില്‍ പറഞ്ഞതും ഇന്നലെ എന്നതുപോലെ ഓര്‍ക്കുന്നു.

അദ്ദേഹത്തോടൊപ്പമുള്ള തീവണ്ടി യാത്രയുടെ സുഖം ഒന്നു വേറെ തന്നെയാണ്. തീവണ്ടി സ്റ്റേഷനുകളില്‍ നിര്‍ത്തുമ്പോള്‍ അദ്ദേഹം ചാടിയിറങ്ങും. തിരികെ വരുന്നത് ഒരു കൈ നിറയെ ആനുകാലിക പ്രസിദ്ധീകരണങ്ങളും മറുകൈയില്‍ എനിക്കു പലഹാരങ്ങളുമായിട്ടാണ്. പ്രസിദ്ധീകരണങ്ങള്‍ വായിച്ച് ആശയങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടാണ് ഓരോ ദിവസവും പ്രസംഗിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ പുതുമയും കാലിക പ്രാധാന്യവും എടുത്തു പറയേണ്ടതില്ലല്ലോ (പ്രാസംഗികന്‍റെ ഒരു കൈയില്‍ വേദപുസ്തകവും മറുകൈയില്‍ ന്യൂസ്പേപ്പറും ഉണ്ടായിരിക്കണമെന്നു സെമിനാരിയില്‍ അച്ചന്‍ പഠിപ്പിച്ചതും ഓര്‍ത്തുപോകുന്നു).

മടക്കയാത്രയിലെ ഒരു സംഭവം കുറിക്കുന്നത് അദ്ദേഹത്തിന്‍റെ ഹൃദയവിശാലത എത്രയോ നിസ്വാര്‍ത്ഥവും അപാരവുമായിരുന്നു എന്ന് അനുസ്മരിക്കാനാണ്. മാര്‍ഗ്ഗമദ്ധ്യേ ഒരു വിജനസ്ഥലത്ത് ട്രെയിന്‍ ബ്രേക്ക്ഡൗണ്‍ ആയി. 7-8 മണിക്കൂറുകള്‍ കഴിഞ്ഞാണ് വീണ്ടും യാത്ര ആരംഭിക്കുന്നത്. ആരുടെയും പക്കല്‍ ഭക്ഷണസാധനങ്ങള്‍ ഒന്നുമില്ല. ചില സ്ത്രീകള്‍ ദൂരെ എവിടെയോ ഒരു വീട്ടില്‍ ചെന്ന് കട്ടന്‍ കാപ്പി ഉണ്ടാക്കി കൊണ്ടുവന്ന് കമ്പാര്‍ട്ട്മെന്‍റില്‍ ഉണ്ടായിരുന്നവര്‍ക്ക് നല്‍കി. അച്ചന്‍ എവിടെനിന്നോ കുറെ ബിസ്കറ്റ് വാങ്ങി കമ്പാര്‍ട്ട്മെന്‍റിലുള്ള എല്ലാവര്‍ക്കും വിതരണം ചെയ്തു. ഇതോര്‍ക്കുമ്പോള്‍ ഇന്നും എന്‍റെ കണ്ണുകള്‍ നിറയും. ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ പങ്കുവെയ്ക്കാന്‍ പ്രസംഗിക്കുക മാത്രമല്ല, പ്രവര്‍ത്തിച്ചു കാണിക്കാനും അവസരത്തിനൊത്തു അദ്ദേഹം ഉയര്‍ന്നു. കര്‍ത്താവ് അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ചതുപോലെ.

സഭാതര്‍ക്കം മൂലം ദുരിതം അനുഭവിക്കുന്ന വൈദികര്‍ക്ക് അദ്ദേഹം അത്താണിയായിരുന്നു. തര്‍ക്കം ആരംഭിച്ചപ്പോള്‍ തന്നെ അദ്ദേഹം ലഘുലേഖ പ്രസിദ്ധം ചെയ്തു. "ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍തിരിക്കരുത്." പാലാരിവട്ടം പള്ളിയില്‍ നല്‍കിയ നവതി സ്വീകരണത്തില്‍, തിരുമേനി മറുപടി പ്രസംഗം അവസാനിപ്പിച്ചത്, സഭാ യോജിപ്പ് സാദ്ധ്യമാകണം എന്ന ആഗ്രഹത്തോടു കൂടെയാണ്. മാത്രമല്ല ഹൃദയസ്പര്‍ശിയായ അന്ത്യകല്പനയിലും കുറിച്ചിരിക്കുന്നത് "സഭാ സമാധാനം ആഗ്രഹിച്ചു, നടന്നില്ല എന്ന ദുഃഖമുണ്ട്. നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. ദൈവ ഇഷ്ടം നടക്കട്ടെ" എന്നാണ്. പ. സഭയെ കുറിച്ച് അദ്ദേഹത്തിന്‍റെ വീക്ഷണവും ദര്‍ശനവും വെളിപ്പെടുത്തുവാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം. ഇന്നല്ലെങ്കില്‍ നാളെ സഭയില്‍ യോജിപ്പുണ്ടാകും. 

തിരുമേനി ആരംഭിച്ചിട്ടുള്ള സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഏറെയാണ്. അമ്പതില്‍ അധികം വരുമെന്നാണ് തോന്നുന്നത്. അവയില്‍ പലതിലും ആവശ്യത്തിനു വേലക്കാരില്ല. നമ്മുടെ യുവതീയുവാക്കള്‍ കഴിവുപോലെ തങ്ങളുടെ ജീവിതത്തിന്‍റെ ഒരു ഭാഗമെങ്കിലും ഈ സ്ഥാപനങ്ങളില്‍ സേവനത്തിനായി നല്‍കാന്‍ മുന്നോട്ടു വരുന്നത്, നിത്യതയില്‍ വലിയൊരു മുതല്‍ക്കൂട്ടായിരിക്കും. 'കൊയ്ത്തു വളരെ ഉണ്ട് സത്യം, വേലക്കാരോ ചുരുക്കം.' (ലൂക്കോസ് 10:2).     

No comments:

Post a Comment

വിനയം സൗമ്യം മധുരം: ഫാ. കെ. റ്റി. ഫിലിപ്പ് സ്മൃതി ഗ്രന്ഥം

വിനയം സൗമ്യം മധുരം: ഫാ. കെ. റ്റി. ഫിലിപ്പ് സ്മൃതി ഗ്രന്ഥം വിനയം സൗമ്യം മധുരം  ഫാ. കെ. റ്റി. ഫിലിപ്പ് സ്മൃതി ഗ്രന്ഥം എഡി...