തൃപ്പൂണിത്തുറ എരൂര്‍ ദേശത്ത്, കരപ്പിള്ളില്‍ വര്‍ക്കി തോമസിന്‍റെയും സാറാമ്മയുടെയും ആറ് മക്കളില്‍ ഇളയ പുത്രനാണ് കെ. റ്റി. ഫിലിപ്പച്ചന്‍. സ്ലീബാ, വര്‍ഗീസ്, ശോശാമ്മ, പത്രോസ്, ചിന്നമ്മ എന്നിവരാണ് മറ്റു സഹോദരങ്ങള്‍. തൃപ്പൂണിത്തുറ നടമേല്‍ പള്ളി ഇടവകാംഗമായ കെ. റ്റി. ഫിലിപ്പ് 1969-1973 കാലഘട്ടത്തില്‍ കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ വൈദിക പഠനം നടത്തി. 20-3-1972-ല്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായില്‍ നിന്ന് യൗപ്പദിയക്ക്നോ പദവി സ്വീകരിച്ച് ആചാര്യഗണത്തില്‍ ചേര്‍ന്നു.
1973-76 കാലഘട്ടത്തില്‍ വൈദിക സെമിനാരി വൈസ് പ്രിന്‍സിപ്പാളും മാവേലിക്കര സെന്‍റ് പോള്‍സ് വയോമിംഗ് ഗോസ്പല്‍ ഹോള്‍ (പിന്നീട് സെന്‍റ് പോള്‍സ് മിഷന്‍ ട്രയിനിംഗ് സെന്‍റര്‍) സ്ഥാപകനുമായ ഫാ. എം. വി. ജോര്‍ജിന്‍റെ (മലങ്കരസഭാരത്നം ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്) മാവേലിക്കര സുവിശേഷാലയത്തിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കുകാരനായി. ഫാ. എം. വി. ജോര്‍ജിന്‍റെ നേതൃത്വത്തില്‍ അവിടെ സംഘടിപ്പിക്കുന്ന മധ്യവേനല്‍ അവധിക്കാല ബൈബിള്‍ ക്ലാസ്സ്, സെന്‍റ് പോള്‍സ് സുവിശേഷസംഘ പ്രവര്‍ത്തനങ്ങള്‍, അനുബന്ധമായി ജീവകാരുണ്യ-ആതുരസേവന പ്രസ്ഥാനങ്ങളായ എം.എ.എഫ്., എസ്.എ.എഫ്., എച്ച്.ബി.എഫ്. തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ വാപൃതനായി. വൈദിക, അത്മായ, സന്യസ്ത പ്രമുഖരും സുവിശേഷ പ്രഘോഷണ തല്‍പരരുമായ യുവതീയുവാക്കളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് ഡീക്കന്‍ കെ. റ്റി. ഫിലിപ്പ് തന്‍റെ നേതൃപാടവം പ്രകടമാക്കി.
തലക്കോട് പരുമല മാര്‍ ഗ്രീഗോറിയോസ് ചാരിറ്റബിള്‍ ട്രസ്റ്റ് പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ജന്മദിനമായ 1976 ഓഗസ്റ്റ് 9-ാം തീയതിയാണ് പ്രവര്‍ത്തനമാരംഭിച്ചത്. സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ള സമര്‍പ്പിതരായ വൈദിക-അത്മായരുടെ ഒരു നിരയായിരുന്നു തിരുമേനിയുടെ കൂട്ടുവേലക്കാര്‍. ട്രസ്റ്റ് പ്രവര്‍ത്തന മേഖലയുടെ പ്രഥമ സംരംഭം 1963-ല്‍ ഒ. സി. കുര്യാക്കോസ് അച്ചന്‍ 25 ആണ്‍കുഞ്ഞുങ്ങളുമായി സമാരംഭിച്ച സെന്‍റ് മേരീസ് ബോയ്സ് ഹോം 1976-ല്‍ ഏറ്റെടുക്കുക എന്നതായിരുന്നു. അപ്പോള്‍ ബോയ്സ് ഹോമില്‍ 117 കുഞ്ഞുങ്ങള്‍ അന്തേവാസികളായി ഉണ്ടായിരുന്നു. 1977 സ്കൂള്‍ അദ്ധ്യയന വര്‍ഷത്തില്‍ ഫിലിപ്പ് ശെമ്മാശ്ശനെ പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തലക്കോട് സെന്‍റ് മേരീസ് ബോയ്സ് ഹോമിലെ വാര്‍ഡനായി നിയമിച്ചു. തുടര്‍ന്ന് വിവിധ മേഖലകളിലുള്ള വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും അത്താണിയായി ഈ ട്രസ്റ്റ് രൂപാന്തരപ്പെട്ടു.
1977 മുതല്‍ 1982 വരെ ബോയ്സ് ഹോം വാര്‍ഡനായി ഫിലിപ്പ് ശെമ്മാശന്‍ പ്രവര്‍ത്തിച്ചു. 1982 മുതല്‍ 2010 വരെ ട്രസ്റ്റ് കറസ്പോണ്ടന്‍റ് കം ഡയറക്ടര്‍ ആയിരുന്നു. 2010 മുതല്‍ 2019 ആഗസ്റ്റ് 7 വരെ വൈസ് പ്രസിഡന്‍റ് പദവി വഹിച്ചു. എം.ജി. ഐ.റ്റി.ഐ. തുടങ്ങിയ കാലം മുതല്‍ അദ്ധ്യാപകനായി സേവനം ചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ നിരണം, കൊച്ചി ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ പൗരോഹിത്യ ശുശ്രൂഷ നിര്‍വഹിച്ചു. 2019 ഓഗസ്റ്റ് 7-ന് ഫിലിപ്പച്ചന്‍ നിത്യതയില്‍ പ്രവേശിച്ചു.
ഫിലിപ്പച്ചന്‍റെ കുടുംബം, പ്രവര്‍ത്തന മേഖലകള്‍
കോട്ടയം പാക്കില്‍ കാരമൂട് ഇടവകയിലെ കരിക്കന്‍പാക്കില്‍ ഇട്ടി-തങ്കമ്മ ദമ്പതികളുടെ മകളായ സൂസമ്മയാണ് ജീവിതപങ്കാളി. ഈ തെരഞ്ഞെടുപ്പിന് മുമ്പ് മുളന്തുരുത്തി പ്രാന്തപ്രദേശത്തുള്ള മൂന്ന് വിവാഹ ആലോചനകള്‍ എന്‍റെ ജീവിതപങ്കാളിയായ ഏലിയാമ്മയുമൊത്ത് പോയി കണ്ടു എങ്കിലും വ്യത്യസ്തമായ കാരണങ്ങളാല്‍ അത് നടന്നില്ല. ആ സമയത്ത് ഫാ. സി. സി. ചെറിയാനും ഏലിയാമ്മയും (ഫിലിപ്പച്ചന്‍ മരിക്കുന്നതു വരെ ഏലിയാമ്മയെക്കുറിച്ച് 'എന്‍റെ വീട്ടില്‍ ജനിക്കാതെപോയ എന്‍റെ പെങ്ങള്‍' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്) ഫിലിപ്പ് ശെമ്മാശ്ശനും ഒരുമിച്ച് കരിക്കാടന്‍പാക്കില്‍ കുടുംബത്ത് ആലോചനയുമായി വരികയും അത് വിവാഹത്തിലെത്തുകയും ചെയ്തു. 1982 ഏപ്രില്‍ 18-ന് വെട്ടിക്കല്‍ ദയറായില്‍ വെച്ച് നടന്ന വിവാഹ ശുശ്രൂഷയില്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് മുഖ്യകാര്‍മ്മികനായിരുന്നു. ഈ ദമ്പതിമാര്‍ക്ക് ദൈവം നല്‍കിയ മകനാണ് മീഖാ. ഈ കുഞ്ഞിന് വെട്ടിക്കല്‍ ദയറായില്‍ വെച്ച് ജോസഫ് മാര്‍ പക്കോമിയോസ് തിരുമേനി തലതൊട്ട് ജ്ഞാനസ്നാനം നടത്തി. മാര്‍ ഒസ്താത്തിയോസ് തിരുമേനി രൂപകല്പന ചെയ്ത യാച്ചാരം പ്രൊജക്ടില്‍ ജോയിന്‍ ചെയ്ത് സഭയ്ക്കും സമൂഹത്തിനുംവേണ്ടി പ്രവര്‍ത്തിക്കാന്‍ ഈ മകനെ അച്ചന്‍ സമര്‍പ്പിച്ചു. എം.എസ്.ഡബ്ല്യു. പാസ്സായ മീഖാ ഇപ്പോള്‍ കേരളത്തിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ആതുരസേവനത്തില്‍ വ്യാപൃതനാണ്.
6-6-1982-ല്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. 7-8-2019-ല്‍ പിതാക്കന്മാരോടു ചേര്‍ന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന ഇടയന്‍ പ. ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാര്‍മ്മികത്വത്തിലും സഹോദര മെത്രാപ്പോലീത്താമാരുടെ സഹകരണത്തിലും വൈദിക, അത്മായ സന്യസ്തരുടെ പങ്കാളിത്തത്തിലും തുരുത്തിക്കര മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
No comments:
Post a Comment