ഈ അനുസ്മരണ കുറിപ്പില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ ശ്രമിച്ചുവെങ്കിലും, ഫിലിപ്പച്ചന്‍റെ മകന്‍ മീഖായുടെ നിര്‍ബ്ബന്ധത്തിനു മുമ്പില്‍ കീഴടങ്ങുവാനേ എനിക്കു കഴിഞ്ഞുള്ളു.
കൃത്യമായി പറഞ്ഞാല്‍ 49 വര്‍ഷത്തെ പഴക്കമുണ്ട് എന്‍റെയും ഫിലിപ്പച്ചന്‍റെയും അടുപ്പത്തിന്, 1971-ല്‍ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ മുതലുള്ള അടുപ്പം. പ്രായത്തില്‍ എന്നിലും കുറവായിരുന്നു എങ്കിലും സീനിയോരിറ്റിയില്‍ അച്ചനായിരുന്നു മുന്നില്‍. ഞാന്‍ ഫസ്റ്റ് ഇയര്‍ ആയിരുന്നപ്പോള്‍ അച്ചന്‍ തേര്‍ഡ് ഇയര്‍ ആയിരുന്നു. ഫിലിപ്പച്ചനും, ഒ. ജെ. ജേക്കബ് അച്ചനും ഒരേ ബാച്ചുകാരും; ഞാന്‍ ഉള്‍പ്പെടെ മൂന്നുപേരും കൊച്ചി ഭദ്രാസനത്തില്‍പെട്ടവരും ആയിരുന്നു. യൂഹാനോന്‍ മാര്‍ സേവേറിയോസ് തിരുമേനി സെമിനാരി സന്ദര്‍ശിച്ചിരുന്നപ്പോള്‍ ഞങ്ങളെ മൂന്നുപേരെയും ഒരുമിച്ചായിരുന്നു മുറിയിലേക്ക് വിളിപ്പിച്ചിരുന്നത്. കൂടാതെ തൃപ്പൂണിത്തുറയും കരിങ്ങാച്ചിറയും അയല്‍പക്കമായതിനാല്‍ ആ അടുപ്പം ഞങ്ങള്‍ തമ്മില്‍ ആദ്യം മുതലേ ഉണ്ടായിരുന്നു. സംഗീതം ഞങ്ങള്‍ കൂടുതല്‍ അടുക്കുവാനും കാരണമായി. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി തൃപ്പൂണിത്തുറ ഇടവകാംഗമായതിനാല്‍ ഫിലിപ്പച്ചനോടും തിരുമേനി വളരെ അടുത്തറിയുന്ന കൊച്ചുവര്‍ക്കി ചേട്ടന്‍റെ മകനായ എന്നോടും മറ്റുള്ളവരിലും അല്‍പ്പംകൂടി സ്വാതന്ത്ര്യവും സ്നേഹവും കാണിച്ചത്, ഞാനും ഫിലിപ്പച്ചനും തമ്മിലുള്ള ആ സ്നേഹബന്ധത്തിന് ആഴം കൂട്ടി. അതുപോലെ തൃപ്പൂണിത്തുറ ഇടവകക്കാരനായ വെണ്ടറപ്പിള്ളി അച്ചനും ഞങ്ങളുടെ ജ്യേഷ്ഠനെപ്പോലെ ആയിരുന്നു. ഫിലിപ്പച്ചനും എനിക്കും ഒരുപോലെ പ്രിയപ്പെട്ടവരായിരുന്നു സെന്‍റ് പോള്‍സ് മിഷനിലെ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയും, മാത്യൂസ് മാര്‍ ബര്‍ന്നബാസ് തിരുമേനിയും.
തിരിഞ്ഞുനോക്കുമ്പോള്‍ ഫിലിപ്പച്ചനും ഞാനും കൂടുതല്‍ അടുത്തത് സെമിനാരി ജീവിതത്തിനു ശേഷമായിരുന്നു, അതും അച്ചന്‍ ബോയ്സ് ഹോമിന്‍റെ ചുമതല ഏറ്റെടുത്തതിന് ശേഷവും. ഞാന്‍ നാട്ടില്‍ ലീവിന് വരുമ്പോഴൊക്കെ, അച്ചന്‍ സേവനം നടത്തിയിരുന്ന ഇടവകയില്‍ ഒരു തവണ എങ്കിലും അച്ചനോടൊപ്പം ശുശ്രൂഷക്കാരനാകുവാനുള്ള ഭാഗ്യം ലഭിച്ചു. ഒട്ടുംതന്നെ താല്‍പര്യത്തോടെയല്ലെങ്കിലും, അച്ചന്‍റെ നിര്‍ബ്ബന്ധത്തിന് കീഴ്പെട്ട് രണ്ടു വാക്ക് സംസാരിക്കുവാനും അച്ചന്‍ അവസരം തന്നിരുന്നത് ഓര്‍മ്മിക്കുന്നു. ഞങ്ങളുടെ അടുപ്പം കൊണ്ട് എന്‍റെ കൊച്ചുമകളുടെ മാമോദീസാ അച്ചനായിരുന്നു നടത്തിയത്. അവളുടെ ജന്മദിനത്തിനും കഴിഞ്ഞ വര്‍ഷം വരെ എല്ലാ വര്‍ഷവും അച്ചന്‍ വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. അവള്‍ക്ക് നാട്ടിലെ അച്ചന്മാരില്‍ ആകെ അറിയാവുന്നത് ഫിലിപ്പച്ചനെയാണ്. അവളുടെ മുറിയില്‍ അച്ചന്‍റെ ഒരു ഫോട്ടോ വെച്ചിട്ടുള്ളത് കാണിച്ച് ഇളയ സഹോദരനോട് അച്ചനെക്കുറിച്ച് വര്‍ണ്ണിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ഫിലിപ്പച്ചന്‍ ബോയ്സ് ഹോമിന്‍റെ ചുമതലയില്‍ ഇരിക്കുമ്പോഴായിരുന്നു ഞങ്ങള്‍ തമ്മില്‍ ഫിസിക്കലി അകന്നിരുന്നപ്പോഴും കത്തുകളിലൂടെ കൂടുതല്‍ അടുക്കുന്നത്. ഇത്രത്തോളം ബോയ്സ് ഹോമിനെ വളര്‍ത്തിയെടുത്തത് ഗ്രീഗോറിയോസ് തിരുമേനിയോടൊപ്പം ഫിലിപ്പച്ചന്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. ഇപ്പോള്‍ കൂറിലോസ് തിരുമേനിയുടെ നേതൃത്വത്തില്‍ റ്റി. പി. ഏലിയാസ് അച്ചന്‍ ബോയ്സ് ഹോമും മറ്റു പ്രസ്ഥാനങ്ങളും ഭംഗിയായി നടത്തുന്നു.
ഭദ്രാസനത്തില്‍ കൂടുതല്‍ പ്രതിസന്ധികളിലൂടെ കടന്നുപോയിരുന്നപ്പോഴൊക്കെ, അല്‍പ്പം മാറിനില്‍ക്കുക എന്നൊരു ചിന്തയും ഫിലിപ്പച്ചനുണ്ടായിരുന്നത് എനിക്കു വ്യക്തമായിട്ട് അറിയാമായിരുന്നു. അദ്ദേഹം നടത്തിയ പല വിദേശയാത്രകളും ഒരു ആഗ്രഹ സഫലീകരണത്തിനപ്പുറമായിരുന്നു. ആ യാത്രകളിലൂടെ വളരെയധികം അറിവും അനുഭവങ്ങളും അദ്ദേഹത്തിന് ലഭിച്ചുവെന്നത് അച്ചന്‍ തന്നെ നേരിട്ട് എന്നോട് പങ്കുവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് അച്ചന്‍റെ ഹവായ് യാത്രയും ഹഗ്ഗായി ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനിംഗും. എന്‍റെ വളരെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണ് അച്ചന്‍ ആ ട്രെയിനിംഗിനു പോയത്. വളരെ നന്ദിപൂര്‍വ്വം അച്ചന്‍ അത് സ്മരിച്ചിരുന്നു. പല തവണ വിദേശത്ത് അച്ചന്‍റെ ആതിഥേയത്തം വഹിക്കുവാനുള്ള ഭാഗ്യം എന്‍റെ കുടുംബത്തിന് ലഭിച്ചുവെന്നത് നന്ദിയോടെ സ്മരിക്കട്ടെ.
ഫിലിപ്പച്ചന്‍റെ ഏറ്റവും വിലയേറിയ സവിശേഷത - ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആ അടുപ്പം അദ്ദേഹം കാത്തുസൂക്ഷിക്കുമായിരുന്നു, മാത്രമല്ല കൂടുതല്‍ ദൃഢതയോടെ പരിപാലിക്കുകയും ചെയ്തിരുന്നു. അത് അദ്ദേഹത്തിനു ഒസ്താത്തിയോസ് തിരുമേനിയില്‍ നിന്നും, ബര്‍ണബാസ് തിരുമേനിയില്‍ നിന്നും ലഭിച്ചതാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരുന്ന ഒരു വസ്തുത ആണ്. ഞങ്ങള്‍ തമ്മിലുള്ള സ്നേഹത്തിന്‍റെയും അടുപ്പത്തിന്‍റെയും തെളിവായിരുന്നു മകന്‍ മീഖായെ ങടണ പഠിക്കുവാന്‍ അയച്ചത്. അത് ഞാന്‍ ഒരു ങടണ ക്കാരനായതിനാലാണെന്ന് അച്ചന്‍ ഇടയ്ക്കിടെ പറയുമായിരുന്നു. അദ്ദേഹത്തിന്‍റെ പൗരോഹിത്യ സ്വകാര്യ ജീവിതത്തിലെ പല തിക്താനുഭവങ്ങളും ഞാനുമായി പങ്കുവെച്ചിരുന്നു. എന്‍റെ ബന്ധുവായ പോള്‍ പി. മാണി, അദ്ദേഹത്തിന്‍റെ അന്ത്യനാളുകളില്‍ ഫിലിപ്പച്ചനെ മാത്രം ഒരു പുരോഹിതന്‍ എന്ന നിലയില്‍ പ്രാര്‍ത്ഥിക്കുവാന്‍ പറഞ്ഞിരുന്നത് ഈ അവസരത്തില്‍ ഞാന്‍ ഓര്‍ക്കുന്നു. എന്‍റെ സഹധര്‍മ്മിണി (മോളി) എഴുതുവാന്‍ പറഞ്ഞ ഒരു വാചകം ഞാന്‍ ചേര്‍ക്കട്ടെ. "അച്ചന്‍ വീട്ടില്‍ വരുമ്പോഴോ, അച്ചനെ കാണുമ്പോഴോ അച്ചന്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെ എന്ന് അച്ചനോട് പറഞ്ഞു കഴിഞ്ഞാല്‍ ഒരു ആശ്വാസമായിരുന്നു." അതായിരിക്കണം ഒരു പട്ടക്കാരന്‍.
അല്പം ദേഷ്യം വരുമ്പോള്‍ ഫിലിപ്പച്ചന്‍ മൂകനായിരിക്കുന്നത് കാണാം; അല്പസമയം കഴിയുമ്പോള്‍ കുട്ടികളെപ്പോലെ പൊട്ടിച്ചിരിക്കുന്നതും. നിഷ്കളങ്കതയുടെ ഒരു പര്യായം, ആത്മാര്‍ത്ഥതയുടെ ഒരു കൂടപ്പിറപ്പ്, എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന വ്യക്തിത്വം എന്ന് തുടങ്ങി അച്ചനെ വിശേഷിപ്പിക്കുവാന്‍ ഒത്തിരി വിശേഷണങ്ങളുണ്ട്.
ജാതിമതഭേദമെന്യെ, കക്ഷിത്തത്തിനതീതമായി എല്ലാവരെയും ഒരുപോലെ സേവിച്ചിരുന്ന അച്ചനുമായുള്ള അനുഭവങ്ങള്‍ വളരെയാണെങ്കിലും, തല്‍ക്കാലം എന്‍റെ ഈ അനുഭവക്കുറിപ്പിന് കടിഞ്ഞാണിടട്ടെ. മണ്‍മറഞ്ഞാലും ഫിലിപ്പച്ചന്‍ ഇന്നും അനേകം മനസ്സുകളില്‍ മായാതെ, മറയാതെ നിലനില്‍ക്കുന്നു. ആ സ്നേഹത്തിന്, ആ പുഞ്ചിരിക്ക് മുമ്പില്‍ ഞാന്‍ ശിരസ്സു നമിക്കുന്നു.
No comments:
Post a Comment