1994. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയിലെ സോഫിയാ സെന്‍ററിന്‍റെ പ്രോഗ്രാം സെക്രട്ടറി ഫാ. ടി. പി. ഏലിയാസിന്‍റെ മുറി. ഞാനും അച്ചനുമായി സംസാരിച്ചിരിക്കവെ ഒരു അച്ചന്‍ മുറിയിലേക്കു വന്നു. ഏലിയാസച്ചന്‍ അന്ന് 24 വയസുള്ള എന്നെ അച്ചനു പരിചയപ്പെടുത്തി. "ഇത് ജോയ്സ് തോട്ടയ്ക്കാട്." വന്ന അച്ചന്‍ പൊടുന്നനവെ ഞെട്ടി. "ഇത്രയും ചെറുപ്പമായിരുന്നോ! ഞാനൊരു 50-60 വയസ്സുള്ള ആളായിരിക്കുമെന്ന് കരുതി. ഗ്രീഗോറിയോസ് തിരുമേനി അവിടെ 'വാത്സല്യവാനായ ജോയ്സേ' എന്നു തുടങ്ങി എന്തോ എഴുതി വച്ചിരിക്കുന്നത് കണ്ടു." ഏലിയാസച്ചന്‍ സ്വതസിദ്ധമായ ശൈലിയില്‍ വന്ന അച്ചനെ എനിക്ക് പരിചയപ്പെടുത്തി. "ഇതാണ് കെ. റ്റി. ഫിലിപ്പച്ചന്‍. ഗ്രീഗോറിയോസ് തിരുമേനിയുടെ തലക്കോടുള്ള സെന്‍റ് മേരീസ് ബാലഭവനത്തിന്‍റെ ചുമതലക്കാരനാണ്."
കെ. റ്റി. ഫിലിപ്പച്ചനെ അന്നാണ് പരിചയപ്പെട്ടത്. 1992 മുതല്‍ സെമിനാരിയില്‍ മൈക്രോഫിലിം പ്രോജക്ട്, സഭാവിജ്ഞാനകോശം പ്രസിദ്ധീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഞാന്‍ സേവനം ചെയ്യുന്നുണ്ടായിരുന്നു. 1992 സെപ്റ്റംബറില്‍ നടന്ന പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ സപ്തതി സമ്മേളനത്തിനു കെ. റ്റി. ഫിലിപ്പച്ചന്‍ തീര്‍ച്ചയായും വന്നിട്ടുണ്ടാവണം. ദിവ്യബോധനം പഠനപദ്ധതിയുടെ കാര്യങ്ങള്‍ക്കായി ദിവ്യബോധനം ഓഫീസിലും അച്ചന്‍ വന്നിട്ടുണ്ടാവണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതിനു മുമ്പ് ഞങ്ങള്‍ പരിചയപ്പെട്ടിരുന്നില്ല.
1992 ഫെബ്രുവരിയില്‍ 'ദാര്‍ശനികന്‍റെ വിചാരലോകം' എന്ന ഞാന്‍ എഡിറ്റ് ചെയ്ത പുസ്തകം കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ചു. ലോകപ്രശസ്ത ദാര്‍ശനികനും ചിന്തകനുമായ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ദര്‍ശനങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്താനുള്ള ഒരു എളിയ ശ്രമമായിരുന്നു അത്. തിരുമേനിയോട് മുന്‍കൂട്ടി അനുവാദം ചോദിച്ചിട്ടായിരുന്നില്ല ആ പുസ്തകം തയ്യാറാക്കിയതും പ്രസിദ്ധീകരിച്ചതും. 1993 മെയ് മാസത്തില്‍ ജര്‍മ്മനിയില്‍ വച്ചുണ്ടായ പഷാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ താമസിച്ചിരുന്ന തിരുമേനി, 1994 മെയ് മാസത്തില്‍ ഓര്‍ത്തഡോക്സ് സെമിനാരിയില്‍ വരുന്നുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞു. മാങ്ങാനം റ്റി.എം.എ.എം. ഓറിയന്‍റേഷന്‍ സെന്‍ററിന്‍റെ ചുമതലക്കാരനായിരുന്ന സണ്ണി ജോര്‍ജ് അച്ചന്‍ ഞങ്ങളുടെ സ്നേഹിതനായിരുന്നതിനാല്‍ ഒരു പ്രഭാഷണം അവിടെ വെച്ച് നടത്തുവാന്‍ അനുവാദം ചോദിച്ച് അച്ചനെക്കൊണ്ട് കത്തയപ്പിച്ചു. തിരുമേനി പോസിറ്റീവായി മറുപടി അയച്ചു. സെമിനാരിയില്‍ എത്തിയപ്പോള്‍ സി. സി. ചെറിയാനച്ചനോടൊപ്പം പോയി കണ്ട് ആ ആവശ്യം വീണ്ടും ഉന്നയിച്ചു. യാത്ര ചെയ്യുവാന്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് സെമിനാരിയില്‍ വെച്ച് പ്രഭാഷണം നടത്താമെന്ന് തീരുമാനമായി. 'ശ്രുതി'യില്‍ വെച്ച് 'പോസ്റ്റ് മോഡേണ്‍ ഫിലോസഫി'യെക്കുറിച്ച് പ്രഭാഷണം നടന്നു. അന്ന് അവിടെവെച്ച് 'ദാര്‍ശനികന്‍റെ വിചാരലോകം' മനോരമ പത്രാധിപര്‍ കെ. എം. മാത്യു പ്രകാശനം ചെയ്തു. പുസ്തകത്തില്‍ തന്‍റെ പുതിയ ആശയങ്ങള്‍ ഒരു ലേഖനമായി ചേര്‍ക്കണമെന്ന് തിരുമേനി ആഗ്രഹിച്ചു. അങ്ങനെ എഴുതി തുടങ്ങിയ ആമുഖ ലേഖനത്തിന്‍റെ ആദ്യ വരികളാണ് കെ. റ്റി. ഫിലിപ്പച്ചന്‍ മേശപ്പുറത്ത് കണ്ടത്.
ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് ആയി എന്നെ നിയോഗിച്ചു. ആ കാലത്താണ് തലക്കോട് ചാപ്പലിന്‍റെ പണികള്‍ നടന്നുകൊണ്ടിരുന്നത്. തലക്കോട് ബാലഭവനം സന്ദര്‍ശിക്കാനും ട്രസ്റ്റ് മീറ്റിംഗില്‍ അദ്ധ്യക്ഷം വഹിക്കാനുമായി തിരുമേനിയെ കെ. റ്റി. ഫിലിപ്പച്ചന്‍ ഒരിക്കല്‍ വന്നു ക്ഷണിച്ചു. എന്നോടും കൂടെ വരണമെന്നു പറഞ്ഞു. തിരുമേനി യാത്ര പോകുമ്പോള്‍, എന്നോടു കൂടെ വരുവാന്‍ പറയാറില്ലാത്തതുകൊണ്ട് ഞാന്‍ പ്രത്യേകം അനുവാദം ചോദിച്ചു കൂടെ പോയി. തലക്കോട് ബാലഭവനം അങ്ങനെയാണ് ആദ്യമായി സന്ദര്‍ശിച്ചത്.
പിന്നീട് സെമിനാരിയില്‍ വെച്ച് പല തവണ അച്ചനെ കണ്ടിട്ടുണ്ട്. ഗ്രീഗോറിയോസ് തിരുമേനി സോഫിയാ സെന്‍ററില്‍ വ്യാഴാഴ്ചകളില്‍ നടത്തിയ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ സ്ഥിരമായി അച്ചന്‍ വന്നിരുന്നു. എന്നെ കാണുമ്പോള്‍ അച്ചന്‍ വലിയ സ്നേഹവാത്സല്യങ്ങളോടെ പെരുമാറും. തിരുമേനി കാലംചെയ്ത ശേഷം അദ്ദേഹത്തിന്‍റെ ജീവചരിത്രം ഒന്നാം ഓര്‍മ്മപെരുന്നാളിന് പ്രസിദ്ധീകരിക്കുവാനുള്ള ശ്രമത്തില്‍ അച്ചന്‍ അയ്യായിരം രൂപ നല്‍കി ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. എറണാകുളത്തെ ചില പള്ളികളില്‍ അതിന്‍റെ കോപ്പി വില്‍ക്കാനും സഹായിച്ചു. രണ്ടാം പതിപ്പ് 2018-ല്‍ പ്രസിദ്ധീകരിച്ചപ്പോഴും അച്ചന്‍ ചെറിയ സാമ്പത്തിക കൈത്താങ്ങല്‍ നല്‍കി.
2001-ല്‍ എന്‍റെ വിവാഹ ശുശ്രൂഷയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത് കെ. ജെ. ഗബ്രിയേല്‍ അച്ചന്‍ ആയിരുന്നു (ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനി). എങ്കിലും പ്രസംഗിച്ചത് കെ. റ്റി. ഫിലിപ്പച്ചനായിരുന്നു. 'വധുവിന്‍റെ പേരുപോലെ ശോഭയും ശോഭനവുമായി തീരട്ടെ നിങ്ങളുടെ ദാമ്പത്യം' എന്നായിരുന്നു പ്രസംഗത്തിന്‍റെ സംക്ഷിപ്തം.
തിരുമേനിയുടെ കാലശേഷം തലക്കോട് പല പരിപാടികള്‍ക്കായി നിരവധി തവണ ഞാന്‍ പോയി. 2007-ല്‍ ഞാന്‍ മലങ്കര ഓര്‍ത്തഡോക്സ് ടി.വി. ആരംഭിച്ച ശേഷം പല പരിപാടികളും റിക്കോര്‍ഡ് ചെയ്ത് സംപ്രേക്ഷണം ചെയ്യുകയുമുണ്ടായി. അങ്ങനെ ചെന്ന രണ്ടു സന്ദര്‍ഭങ്ങളില്‍, ഏലിയാസച്ചനും ഫിലിപ്പച്ചനും എന്നോടുള്ള വാത്സല്യം കൊണ്ടും പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും ചിന്തകള്‍ പ്രചരിപ്പിക്കുവാനും ചെയ്യുന്ന പരിശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചും എന്നെ പൊതുവേദിയില്‍ വെച്ച് ആദരിച്ചത് നന്ദി നിറഞ്ഞ ഹൃദയത്തോടെയാണ് ഓര്‍ക്കുന്നത്.
മലങ്കരസഭാ തര്‍ക്കത്തിന് അവസാനം കുറിച്ചുകൊണ്ട് 2017 ജൂലൈ 3-ന്ഉണ്ടായ വിധിയെ തുടര്‍ന്ന് കെ. റ്റി. ഫിലിപ്പച്ചന്‍ സതീര്‍ത്ഥ്യനായ പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവായ്ക്ക് ഒരു കത്തയച്ചു. ബാവാ ആ കത്തിന്‍റെ കാര്യം ആരയച്ചുതന്നതാണെന്ന് വെളിപ്പെടുത്താതെ തുടര്‍ന്നു നടന്ന മാനേജിംഗ് കമ്മിറ്റിയില്‍ (8-8-2017) പറയുകയുണ്ടായി. സഭായോജിപ്പ് ഉണ്ടാകണമെന്നും അതിനായുള്ള പരിശ്രമങ്ങള്‍ തുടരണമെന്നും കാണിച്ച് പല കത്തുകള്‍ ബാവാ തിരുമേനിക്ക് അച്ചന്‍ അയച്ചു. കത്തിന്‍റെ കോപ്പികള്‍ അദ്ദേഹം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രമുഖരായ പലര്‍ക്കും അയച്ചുകൊടുത്തു. സഭാസമാധാന നീക്കങ്ങളുടെ പുരോഗതി അറിയാന്‍ അച്ചന്‍ ആ കാലത്ത് പല തവണ എന്നെ ഫോണില്‍ വിളിച്ചിട്ടുണ്ട്. അച്ചന്‍റെ ആത്മാര്‍ത്ഥതയും നിഷ്കളങ്കതയും ഫോണ്‍ സംഭാഷണത്തിലൂടെ അറിയുന്ന എനിക്ക്, പലപ്പോഴും എന്ത് മറുപടി പറഞ്ഞ് അച്ചനെ സാന്ത്വനപ്പെടുത്തണമെന്ന് അറിയാത്ത അവസ്ഥ വന്നിട്ടുണ്ട്. ക്രമേണ അച്ചന്‍ രോഗിയായത് മൂലമാകാം അത്തരം വിളികള്‍ നിന്നു. സഭാസമാധാന പരിശ്രമത്തിലെ 'രക്തസാക്ഷി' എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 'സഭാതര്‍ക്കം: എന്താണ് സത്യം' എന്ന പേരില്‍ കക്ഷിവഴക്കിന്‍റെയും 1958-ലെ സഭാസമാധാനത്തിന്‍റെയും ചരിത്രവും രേഖകളും സമാഹരിച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥം പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിക്കും കെ. റ്റി. ഫിലിപ്പച്ചനുമാണ് ഞങ്ങള്‍ സമര്‍പ്പിച്ചത്.
പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി, തന്‍റെ അടുക്കല്‍ വരുന്നവരുടെ ഒന്നിലേറെ ഗുണങ്ങള്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കുവാന്‍ കെല്‍പ്പുള്ള ആളായിരുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടാവാം കെ. റ്റി. ഫിലിപ്പച്ചനെയും ഏലിയാസച്ചനെയും സി. സി. ചെറിയാനച്ചനെയും എന്നെയുമൊക്കെ അദ്ദേഹം ചേര്‍ത്തുപിടിച്ചത്. ഫിലിപ്പച്ചന്‍റെ നിഷ്കളങ്കതയാവാം തിരുമേനിയുടെ വാത്സല്യത്തിന് കാരണമെന്ന് എനിക്ക് തോന്നുന്നു. മുന്‍കോപിയും ശാഠ്യക്കാരനുമായ തിരുമേനിയോടൊന്നിച്ച് മൂന്ന് പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചു എന്നത് തിരുമേനിയുടെ ജീവചരിത്രം
എഴുതിയ ആളെന്ന നിലയിലും, കുറച്ചുനാള്‍ കൂടെ നിന്ന വ്യക്തി എന്ന നിലയിലും എന്നെ അദ്ഭുതപ്പെടുത്തുന്നു.
കെ. റ്റി. ഫിലിപ്പച്ചന്‍റെ സഭാപിതാക്കന്മാരോടുള്ള അടുപ്പവും ബന്ധവും എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ ബര്‍ണബാസ് എന്നീ തിരുമേനിമാരോട് സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ അടുപ്പം ഉണ്ടാകും. 1990-കളില്‍ പരിചയപ്പെട്ട എന്നെ രണ്ടു പേരും മരണംവരെ ഓര്‍ത്തിരുന്നു എന്നത് നിറകണ്ണുകളോടെയാണ് ഇവിടെ കുറിക്കുന്നത്. പക്ഷേ, പ. മാത്യൂസ് പ്രഥമന്‍ ബാവാ, ജോസഫ് മാര്‍ പക്കോമിയോസ്, ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്, യാക്കോബ് മാര്‍ പോളിക്കര്‍പ്പോസ് തിരുമേനിമാരോട് അടുക്കുക സാധാരണക്കാര്‍ക്കും വൈദികര്‍ക്കും എളുപ്പമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. കട്ടിയുള്ള പുറംതോട് പൊട്ടിച്ച് ഉള്ളില്‍ കയറി അവരുടെ വാത്സല്യവും സ്നേഹവും അനുഭവിക്കുവാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയായാണ് ഫിലിപ്പ് അച്ചനെ ഞാന്‍ കാണുന്നത്. കെ. റ്റി. ഫിലിപ്പ്, ഒ. ജെ. ജേക്കബ് ശെമ്മാശന്മാരും ജോസഫ് വെണ്ട്രപ്പിള്ളില്‍ അച്ചന്‍ തുടങ്ങിയ കൊച്ചി ഭദ്രാസനത്തിലെ പലരും സഭാ വിഭജനത്തില്‍ പാത്രിയര്‍ക്കീസ് ഭാഗത്തേക്ക് തിരികെ പോകാതിരുന്നതിന് ഒരു പ്രധാന കാരണം, സാത്വികനും പണ്ഡിതനുമായിരുന്ന യൂഹാനോന്‍ മാര്‍ സേവേറിയോസ് തിരുമേനിയെ ഉപേക്ഷിച്ചു പോകാനുള്ള മടി കൊണ്ടായിരുന്നുവെന്ന് അവരില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്.
"കെ. റ്റി. ഫിലിപ്പച്ചനെക്കുറിച്ച് ഒരു പുസ്തകം തയ്യാറാക്കണം. തലക്കോട് ഒരു മീറ്റിംഗ് വെച്ചിട്ടുണ്ട്. നീ വരണം" എന്നു പറഞ്ഞ് ടി. പി. ഏലിയാസച്ചന്‍ എന്നെ വിളിച്ചു. ആലോചനാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി ചില ആശയങ്ങള്‍ ഒരു പേപ്പര്‍ എടുത്ത് കുറിക്കാനൊരുങ്ങി. പൊടുന്നനവെ കിട്ടിയ ആശയമാണ്, അച്ചന്‍റെ ജീവിതത്തെ മൊത്തത്തില്‍ മൂന്നു വാക്കുകളില്‍ ഒതുക്കാമെന്നത്: "വിനയം, സൗമ്യം, മധുരം." അച്ചനുമായി ഇടപെട്ടവര്‍ക്കെല്ലാം ഈ മൂന്നു വാക്കുകള്‍ ഉണര്‍ത്തുന്ന എല്ലാ അനുഭവങ്ങളും ഉണ്ടായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.
കെ. ജെ. ഗബ്രിയേലച്ചന്‍ (മാര്‍ ഗ്രീഗോറിയോസ്), ഏലിയാസച്ചന്‍, ഫിലിപ്പച്ചന്‍, ഞാന്‍ എന്നിവരെ കൂട്ടിയിണക്കുന്ന സ്നേഹവലയം പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി ആണ്. തിരുമേനിയുടെ കാലശേഷം അദ്ദേഹത്തിന്‍റെ സോഫിയാ പബ്ലിക്കേഷന്‍സ് എന്ന പ്രസ്ഥാനത്തിന്‍റെ പേര് സോഫിയാ ബുക്സ് എന്ന് മാറ്റിയാണ് "പ്രകാശത്തിലേക്ക് ഒരു തീര്‍ത്ഥയാത്ര" എന്ന തിരുമേനിയുടെ ജീവചരിത്രം ഞാന്‍ പ്രസിദ്ധീകരിച്ചത്. പൗരസ്ത്യ ഓര്‍ത്തഡോക്സ് വേദശാസ്ത്ര ദര്‍ശനങ്ങള്‍ മലയാളികള്‍ക്ക് നല്‍കുന്ന നല്ല ഒരു പ്രസിദ്ധീകരണശാലയായി അത് മാറണമെന്ന കെ. ജെ. ഗബ്രിയേലച്ചന്‍റെ ആശയത്തോടൊപ്പം ടി. പി. ഏലിയാസച്ചനും കൂടി. അങ്ങനെ ഞങ്ങള്‍ മൂവരും ചേര്‍ന്ന് 1998-ല്‍ ആരംഭിച്ച സോഫിയാ ബുക്സ് എന്ന പ്രസ്ഥാനം രണ്ടു പതിറ്റാണ്ടുകൊണ്ട് 75-ഓളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ രചനകള്‍ സമാഹരിച്ച് ഒരു ഡസനോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചു എന്നത് ഏറെ അഭിമാനത്തോടും ആത്മസംതൃപ്തിയോടെയുമാണ് ഓര്‍ക്കുന്നത്.
ജീവിത സുഗന്ധം കൊണ്ട് സൗരഭ്യം പരത്തിയ കെ. റ്റി. ഫിലിപ്പച്ചനെക്കുറിച്ചുള്ള ഈ ഗ്രന്ഥം സോഫിയാ ബുക്സിന്‍റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും സാധിച്ചുവെന്നത് ഞങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നു. വരുംതലമുറകളില്‍ ഫിലിപ്പച്ചനെപ്പോലുള്ള നല്ല ഇടയന്മാര്‍ ഉണ്ടാകുവാന്‍ ഈ ഗ്രന്ഥം ആര്‍ക്കെങ്കിലും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
No comments:
Post a Comment