Sunday, 16 August 2020

ജനങ്ങള്‍ക്കു വേണ്ടിയും ജനങ്ങളോടൊപ്പവും / ഫാ. ഡോ. കെ. എം. ജോര്‍ജ്


ആദരണീയനായ ആചാര്യന്‍ കെ. റ്റി. ഫിലിപ്പച്ചനെക്കുറിച്ച് നിറകണ്ണുകളോടെ മാത്രമേ ഇപ്പോഴും ഓര്‍ക്കാനാകൂ. സെമിനാരിയില്‍ അദ്ദേഹം എനിക്ക് ജൂനിയറായി പഠിച്ച ആളാണെങ്കിലും പില്‍ക്കാലത്ത് ഞാന്‍ അദ്ദേഹത്തെ എന്‍റെ ആത്മീയ ഗുരുസ്ഥാനീയനായി കൂടിയാണ് കണ്ടത്. നല്ല വഴികാട്ടികളായ ഗുരുക്കന്മാര്‍ നമുക്ക് അധികമില്ലല്ലോ. വൈദികന്‍ എന്ന നിലയില്‍ തന്‍റെ ഇടയശുശ്രൂഷ അതീവ ലാളിത്യത്തോടും ഹൃദയനേര്‍മ്മയോടും വിശുദ്ധിയോടും കൂടി അദ്ദേഹം നിര്‍വ്വഹിച്ചു. തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും എല്ലാ മനുഷ്യരോടും സ്നേഹത്തോടും താഴ്മയോടും കൂടി ഇടപെട്ടുമാണ് അദ്ദേഹം നമുക്ക് മാതൃകയായത്.
പ. മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ ബാവാ മുതല്‍ പ്രഗത്ഭരായ ഒരു കൂട്ടം വ്യക്തികള്‍ ഒരേ ബഞ്ചിലിരുന്ന് അദ്ദേഹത്തോടു കൂടെ പഠിച്ചവരാണ്. സഹപാഠികളാണെങ്കിലും അവരുടെയൊക്കെ സ്ഥാനക്രമമനുസരിച്ച് ഏറ്റവും ആദരവോടും ആത്മാര്‍ത്ഥമായ സ്നേഹത്തോടും കൂടി അദ്ദേഹം അവസാന നിമിഷം വരെ ഇടപെട്ടുകൊണ്ടിരുന്നു. തിരിച്ചടികളും അവഗണനയും ഉണ്ടായപ്പോഴും ക്ഷമയുടെയും സ്നേഹത്തിന്‍റെയും നീരുറവകള്‍ ഫിലിപ്പച്ചനില്‍ വറ്റിപ്പോയില്ല. അദ്ദേഹത്തിന്‍റെ ഗുരുസ്ഥാനീയരോ ഇടവകാംഗങ്ങളോ ഇതര മതസ്ഥരോ ആരാണങ്കിലും അദ്ദേഹം കാണിച്ച സ്നേഹത്തിന് നിര്‍മ്മലമായ വാത്സല്യത്തിന്‍റെ ആര്‍ദ്രത ഉണ്ടായിരുന്നു. നമുക്കെല്ലാമുണ്ട് കൊച്ചുകുട്ടികളോടും പക്ഷിമൃഗാദികളുടെ കുഞ്ഞുങ്ങളോടുമൊക്കെ സഹജമായ ഒരു വാത്സല്യം. പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള നമ്മുടെ സവിശേഷമായ ആകര്‍ഷണത്തിന് ചില ജീവശാസ്ത്രജ്ഞന്മാര്‍ ബയോഫിലിയ (Biophilia) എന്ന് വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ ഫിലിപ്പച്ചന്‍റെ വാത്സല്യം ഈ സഹജഭാവത്തിനും അപ്പുറത്തായിരുന്നു. അതിനൊരു വിശാലമായ ചക്രവാളം ഉണ്ടായിരുന്നു. ഒരു ഉദാഹരണം പറയാം. യെറുശലേം ദേവാലയത്തില്‍ യേശുകുഞ്ഞിനെ കണ്ട് കൈയിലെടുത്ത ശിമയോന്‍ മഹാവാത്സല്യമാണ് പ്രകടിപ്പിച്ചത്. പക്ഷേ അത് വ്യക്തിപരമായി ഒരു കുഞ്ഞിനോട് മാത്രമായിരുന്നില്ല. “ജനതകള്‍ക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്‍റെ ജനമായ യിസ്രായേലിന്‍റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന നിന്‍റെ രക്ഷയെ എന്‍റെ കണ്ണ് കണ്ടുവല്ലോ” (ലൂക്കോസ് 2) എന്നാണ് യേശുക്കുഞ്ഞിനെ കൈയിലെടുത്ത് ആ വൃദ്ധന്‍ പറഞ്ഞത്. ഒരു വലിയ ജനതയുടെ രക്ഷയെക്കുറിച്ചാണത്. അതുപോലെ പടുവൃദ്ധയായ ഹന്നാ എന്ന പ്രവാചകി അതിനടുത്ത് നിന്ന് ‘ദൈവത്തെ പുകഴ്ത്തിപ്പാടി, യെരുശലേമിന്‍റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവള്‍ ഈ കുഞ്ഞിനെക്കുറിച്ച് പറയുകയും ചെയ്തു’ (ലൂക്കോസ് 2) സമൂഹം അവഗണിച്ചിരുന്ന എളിയവരായ ഈ രണ്ടു വ്യക്തികളും പ്രകടിപ്പിച്ചത് സഹജമായ ബയോഫിലിയ അല്ല. ഒരു വലിയ ജനതയുടെ ഭാവിയെക്കുറിച്ചും സ്രഷ്ടാവിന്‍റെ മഹാലക്ഷ്യത്തെക്കുറിച്ചുമുള്ള ആഴമായ ഉള്‍ബോധമാണ് അവര്‍ ആ ശിശുവിനെ കണ്ടപ്പോള്‍ പ്രകടിപ്പിച്ചത്. പില്‍ക്കാലത്ത്, യേശു കുഞ്ഞുങ്ങളെ അനുഗ്രഹിക്കുമ്പോള്‍ അവിടെയും ഒരു മുതിര്‍ന്ന ആളിന് ശിശുക്കളോടുള്ള സഹജമായ വാത്സല്യം മാത്രമായിരുന്നില്ല. ശിമയോനും ഹന്നായും കണ്ട യിസ്രായേല്‍ ജനതയുടെ ചക്രവാളത്തിനപ്പുറം സകല മനുഷ്യവര്‍ഗ്ഗത്തിന്‍റെയും സൃഷ്ടിയുടെ മുഴുവന്‍റെയും തേജസ്സേറിയ ഭാവിമുഖം കണ്ടുകൊണ്ടാണ് യേശു കുഞ്ഞുങ്ങളെ മാറോടണച്ചത്.
കെ. റ്റി. ഫിലിപ്പച്ചന്‍ പ്രായത്തിലും സ്ഥാനത്തിലും തന്നേക്കാള്‍ വളരെ വളരെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്ന പ. ബാവാ തിരുമേനിയെക്കുറിച്ചും എത്ര വാത്സല്യത്തോടെയാണ് സംസാരിച്ചിരുന്നതെന്ന് ഓര്‍ക്കുന്നു. ഇവിടെ ഉന്നതസ്ഥാനീയനായി തീര്‍ന്ന ഒരു സഹപാഠിയോടുള്ള സ്നേഹം മാത്രമല്ല, ഒരു ജനതയുടെ വിമോചനവും രക്ഷയുമാകുന്ന പ്രകാശം മുമ്പില്‍ കണ്ടുകൊണ്ടായിരുന്നു അത്. മലങ്കരസഭയാണ് ആ ജനത. വ്യവഹാരത്തിന്‍റെയും വിദ്വേഷത്തിന്‍റെയും ഊരാക്കുടുക്കില്‍ നിന്ന് സഭയെ മോചിപ്പിച്ച് ഇരു കൂട്ടരെയും ഒന്നാക്കി ക്രിസ്തുവിന്‍റെ ശരീരമായ സഭയാക്കി മാറ്റാന്‍ ദൈവം ചിലരെ നിയോഗിച്ചിരിക്കുന്നു എന്ന ബോധ്യവും പ്രത്യാശയുമാണ് ആ വാത്സല്യാതിരേകത്തിന് ആധാരമായി തീര്‍ന്നത്.
സഭയുടെ സമാധാനം, ഐക്യം എന്നിവ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു പഠിപ്പിച്ച് നമ്മെ ഭരമേല്പിച്ചതാണ് എന്ന ദൃഢമായ ബോധം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ട് കുടുംബത്തിലും ചുറ്റുപാടിലും സമൂഹത്തിലും അദ്ദേഹത്തിന് പ്രതിബന്ധങ്ങളും കഷ്ടതകളും ധാരാളം ഉണ്ടായെങ്കിലും കര്‍ത്താവിന്‍റെ ഇഷ്ടത്തിന് അനുസൃതമായി നന്മയുടെ ചങ്ങല സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വിഭാഗീയ പ്രവണതകളും തീവ്രവാദത്തിന്‍റെയും പ്രതികാരത്തിന്‍റെയും സ്ഫോടനശബ്ദങ്ങളും ഫിലിപ്പച്ചനെ അതീവ ദുഃഖിതനാക്കി. ദുര്‍വാശിക്കാരുടെ ഭര്‍ത്സനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയനായപ്പോഴും അദ്ദേഹം സാത്വികരായ നമ്മുടെ പിതാക്കന്മാരെപ്പോലെ ക്ഷമയുടെയും സ്നേഹത്തിന്‍റെയും ചങ്ങല വിടാതെ പിടിച്ചുനിന്നു. അദ്ദേഹം വാങ്ങിപ്പോകുമ്പോള്‍ സ്വന്ത ജീവിതത്തെക്കുറിച്ചുള്ള ഭാരമായിരുന്നില്ല കൂടുതല്‍. സഭയുടെ ഭാവിയെക്കുറിച്ചും ഒരേ കുടുംബവും സഹോദരങ്ങളുമായ മനുഷ്യര്‍ പരസ്പരം ഏറ്റുമുട്ടിയും വിദ്വേഷം വമിപ്പിച്ചും അകന്നകന്ന് പോകുന്നുവല്ലോ എന്നുള്ള ഭാരമായിരുന്നു. ഒരിക്കല്‍ ഞാന്‍ ഫോണ്‍ ചെയ്തപ്പോള്‍ അദ്ദേഹം അവസാനമായി വെല്ലൂര്‍ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു. രോഗവിവരം ഞാന്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ” അച്ചാ, എന്‍റെ ശരീരത്തിന്‍റെ രോഗമല്ല എന്നെ ഭാരപ്പെടുത്തുന്നത്. നമ്മുടെ സഭയുടെ അവസ്ഥയും തീരുമാനങ്ങള്‍ എടുക്കേണ്ടവരുടെ നിഷ്ക്രിയത്വവുമാണ് എന്നെ ദുഃഖിപ്പിക്കുന്നത്.”
ഫിലിപ്പച്ചന്‍ അധികാരികള്‍ക്ക് എഴുതിയ കത്തുകളും അദ്ദേഹം തന്‍റെ വാക്കുകളിലൂടെ പൊതുവില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളും നാം മായിച്ചാലും മാഞ്ഞുപോകുകയില്ല. ദൈവരാജ്യത്തില്‍ നീതിയുടെ പുസ്തകത്തില്‍ അവ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. അദ്ദേഹത്തിന്‍റെ ഹൃദയനേര്‍മ്മ കൊണ്ട് ആരെയും ഭയപ്പെടാതെ സത്യം തുറന്നു പറഞ്ഞിരുന്നു. അന്ത്യന്യായവിധി എന്നൊന്നുണ്ടെങ്കില്‍, നമ്മെയൊക്കെ അഭിസംബോധന ചെയ്ത് സാത്വികനും വ്രണിതഹൃദയനുമായ കെ. റ്റി. ഫിലിപ്പച്ചന്‍ എഴുതുകയും പറയുകയും ചെയ്ത കാര്യങ്ങള്‍ക്ക്, നാമൊക്കെ ദൈവസന്നിധിയില്‍ കണക്ക് ബോധിപ്പിക്കേണ്ടി വരും. അത് സംഭവിക്കാതെ ഇനിയെങ്കിലും നമുക്ക് നന്മയുടെ എന്തെങ്കിലും കണ്ണികള്‍ അവശേഷിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുകയും പല കഷണങ്ങളായിപോയ സഭാഗാത്രത്തെ കര്‍ത്താവായ യേശുവിന്‍റെ ശരീരത്തോട് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യാം.
കൊറോണ വൈറസ് പോലെ താമസിയാതെ ഒന്നു കൂടി വന്നാല്‍ (അതിന് വളരെ സാധ്യതയുണ്ട്) മതത്തിന്‍റെ അധികാരക്കെട്ടുകളെല്ലാം അഴിഞ്ഞുപോകുകയും മനുഷ്യസംസ്ക്കാരം പടുത്തുയര്‍ത്തിയ പലതും കല്ലോടുകല്ല് ശേഷിക്കാതെ പോവുകയും ചെയ്തേക്കാം. അതുകൊണ്ട് ദൈവവും തന്‍റെ സൃഷ്ടിയായ പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള ആര്‍ദ്രമായ ബന്ധത്തിന്‍റെ പുതിയ മാനങ്ങള്‍ നാം പ്രത്യാശയോടെ അന്വേഷിക്കുകയും, ദ്രവിച്ചു തുടങ്ങിയ നമ്മുടെ മതസംവിധാനങ്ങളെ പരിശുദ്ധാത്മസഹായത്തോടെ അഴിച്ചുപണിയുകയും ചെയ്യാം. ജനങ്ങള്‍ക്കു വേണ്ടിയും ജനങ്ങളോടൊപ്പവും നിന്ന പ്രിയ ഫിലിപ്പച്ചന്‍ അതാണ് സ്വപ്നം കണ്ടത്.

Saturday, 15 August 2020

ആ ജീവിത സുഗന്ധം തലമുറകളിലേക്ക് പകരട്ടെ / ജോയ്സ് തോട്ടയ്ക്കാട്

1994. കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയിലെ സോഫിയാ സെന്‍ററിന്‍റെ പ്രോഗ്രാം സെക്രട്ടറി ഫാ. ടി. പി. ഏലിയാസിന്‍റെ മുറി. ഞാനും അച്ചനുമായി സംസാരിച്ചിരിക്കവെ ഒരു അച്ചന്‍ മുറിയിലേക്കു വന്നു. ഏലിയാസച്ചന്‍ അന്ന് 24 വയസുള്ള എന്നെ അച്ചനു പരിചയപ്പെടുത്തി. "ഇത് ജോയ്സ് തോട്ടയ്ക്കാട്." വന്ന അച്ചന്‍ പൊടുന്നനവെ ഞെട്ടി. "ഇത്രയും ചെറുപ്പമായിരുന്നോ! ഞാനൊരു 50-60 വയസ്സുള്ള ആളായിരിക്കുമെന്ന് കരുതി. ഗ്രീഗോറിയോസ് തിരുമേനി അവിടെ 'വാത്സല്യവാനായ ജോയ്സേ' എന്നു തുടങ്ങി എന്തോ എഴുതി വച്ചിരിക്കുന്നത് കണ്ടു." ഏലിയാസച്ചന്‍ സ്വതസിദ്ധമായ ശൈലിയില്‍ വന്ന അച്ചനെ എനിക്ക് പരിചയപ്പെടുത്തി. "ഇതാണ് കെ. റ്റി. ഫിലിപ്പച്ചന്‍. ഗ്രീഗോറിയോസ് തിരുമേനിയുടെ തലക്കോടുള്ള സെന്‍റ് മേരീസ് ബാലഭവനത്തിന്‍റെ ചുമതലക്കാരനാണ്."

കെ. റ്റി. ഫിലിപ്പച്ചനെ അന്നാണ് പരിചയപ്പെട്ടത്. 1992 മുതല്‍ സെമിനാരിയില്‍ മൈക്രോഫിലിം പ്രോജക്ട്, സഭാവിജ്ഞാനകോശം പ്രസിദ്ധീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഞാന്‍ സേവനം ചെയ്യുന്നുണ്ടായിരുന്നു. 1992 സെപ്റ്റംബറില്‍ നടന്ന പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ സപ്തതി സമ്മേളനത്തിനു കെ. റ്റി. ഫിലിപ്പച്ചന്‍ തീര്‍ച്ചയായും വന്നിട്ടുണ്ടാവണം. ദിവ്യബോധനം പഠനപദ്ധതിയുടെ കാര്യങ്ങള്‍ക്കായി ദിവ്യബോധനം ഓഫീസിലും അച്ചന്‍ വന്നിട്ടുണ്ടാവണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ അതിനു മുമ്പ് ഞങ്ങള്‍ പരിചയപ്പെട്ടിരുന്നില്ല.

1992 ഫെബ്രുവരിയില്‍ 'ദാര്‍ശനികന്‍റെ വിചാരലോകം' എന്ന ഞാന്‍ എഡിറ്റ് ചെയ്ത പുസ്തകം കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ചു. ലോകപ്രശസ്ത ദാര്‍ശനികനും ചിന്തകനുമായ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ ദര്‍ശനങ്ങളെ മലയാളികള്‍ക്ക് പരിചയപ്പെടുത്താനുള്ള ഒരു എളിയ ശ്രമമായിരുന്നു അത്. തിരുമേനിയോട് മുന്‍കൂട്ടി അനുവാദം ചോദിച്ചിട്ടായിരുന്നില്ല ആ പുസ്തകം തയ്യാറാക്കിയതും പ്രസിദ്ധീകരിച്ചതും. 1993 മെയ് മാസത്തില്‍ ജര്‍മ്മനിയില്‍ വച്ചുണ്ടായ പഷാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ താമസിച്ചിരുന്ന തിരുമേനി, 1994 മെയ് മാസത്തില്‍ ഓര്‍ത്തഡോക്സ് സെമിനാരിയില്‍ വരുന്നുണ്ടെന്ന് ഞങ്ങള്‍ അറിഞ്ഞു. മാങ്ങാനം റ്റി.എം.എ.എം. ഓറിയന്‍റേഷന്‍ സെന്‍ററിന്‍റെ ചുമതലക്കാരനായിരുന്ന സണ്ണി ജോര്‍ജ് അച്ചന്‍ ഞങ്ങളുടെ സ്നേഹിതനായിരുന്നതിനാല്‍ ഒരു പ്രഭാഷണം അവിടെ വെച്ച് നടത്തുവാന്‍ അനുവാദം ചോദിച്ച് അച്ചനെക്കൊണ്ട് കത്തയപ്പിച്ചു. തിരുമേനി പോസിറ്റീവായി മറുപടി അയച്ചു. സെമിനാരിയില്‍ എത്തിയപ്പോള്‍ സി. സി. ചെറിയാനച്ചനോടൊപ്പം പോയി കണ്ട് ആ ആവശ്യം വീണ്ടും ഉന്നയിച്ചു. യാത്ര ചെയ്യുവാന്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് സെമിനാരിയില്‍ വെച്ച് പ്രഭാഷണം നടത്താമെന്ന് തീരുമാനമായി. 'ശ്രുതി'യില്‍ വെച്ച് 'പോസ്റ്റ് മോഡേണ്‍ ഫിലോസഫി'യെക്കുറിച്ച് പ്രഭാഷണം നടന്നു. അന്ന് അവിടെവെച്ച് 'ദാര്‍ശനികന്‍റെ വിചാരലോകം' മനോരമ പത്രാധിപര്‍ കെ. എം. മാത്യു പ്രകാശനം ചെയ്തു. പുസ്തകത്തില്‍ തന്‍റെ പുതിയ ആശയങ്ങള്‍ ഒരു ലേഖനമായി ചേര്‍ക്കണമെന്ന് തിരുമേനി ആഗ്രഹിച്ചു. അങ്ങനെ എഴുതി തുടങ്ങിയ ആമുഖ ലേഖനത്തിന്‍റെ ആദ്യ വരികളാണ് കെ. റ്റി. ഫിലിപ്പച്ചന്‍ മേശപ്പുറത്ത് കണ്ടത്. 

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് ആയി എന്നെ നിയോഗിച്ചു. ആ കാലത്താണ് തലക്കോട് ചാപ്പലിന്‍റെ പണികള്‍ നടന്നുകൊണ്ടിരുന്നത്. തലക്കോട് ബാലഭവനം സന്ദര്‍ശിക്കാനും ട്രസ്റ്റ് മീറ്റിംഗില്‍ അദ്ധ്യക്ഷം വഹിക്കാനുമായി തിരുമേനിയെ കെ. റ്റി. ഫിലിപ്പച്ചന്‍ ഒരിക്കല്‍ വന്നു ക്ഷണിച്ചു. എന്നോടും കൂടെ വരണമെന്നു പറഞ്ഞു. തിരുമേനി യാത്ര പോകുമ്പോള്‍, എന്നോടു കൂടെ വരുവാന്‍ പറയാറില്ലാത്തതുകൊണ്ട് ഞാന്‍ പ്രത്യേകം അനുവാദം ചോദിച്ചു കൂടെ പോയി. തലക്കോട് ബാലഭവനം അങ്ങനെയാണ് ആദ്യമായി സന്ദര്‍ശിച്ചത്. 

പിന്നീട് സെമിനാരിയില്‍ വെച്ച് പല തവണ അച്ചനെ കണ്ടിട്ടുണ്ട്. ഗ്രീഗോറിയോസ് തിരുമേനി സോഫിയാ സെന്‍ററില്‍ വ്യാഴാഴ്ചകളില്‍ നടത്തിയ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ സ്ഥിരമായി അച്ചന്‍ വന്നിരുന്നു. എന്നെ കാണുമ്പോള്‍ അച്ചന്‍ വലിയ സ്നേഹവാത്സല്യങ്ങളോടെ പെരുമാറും. തിരുമേനി കാലംചെയ്ത ശേഷം അദ്ദേഹത്തിന്‍റെ ജീവചരിത്രം ഒന്നാം ഓര്‍മ്മപെരുന്നാളിന് പ്രസിദ്ധീകരിക്കുവാനുള്ള ശ്രമത്തില്‍ അച്ചന്‍ അയ്യായിരം രൂപ നല്‍കി ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. എറണാകുളത്തെ ചില പള്ളികളില്‍ അതിന്‍റെ കോപ്പി വില്‍ക്കാനും സഹായിച്ചു. രണ്ടാം പതിപ്പ് 2018-ല്‍ പ്രസിദ്ധീകരിച്ചപ്പോഴും അച്ചന്‍ ചെറിയ സാമ്പത്തിക കൈത്താങ്ങല്‍ നല്‍കി.

2001-ല്‍ എന്‍റെ വിവാഹ ശുശ്രൂഷയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്  കെ. ജെ. ഗബ്രിയേല്‍ അച്ചന്‍ ആയിരുന്നു (ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനി). എങ്കിലും പ്രസംഗിച്ചത് കെ. റ്റി. ഫിലിപ്പച്ചനായിരുന്നു. 'വധുവിന്‍റെ പേരുപോലെ ശോഭയും ശോഭനവുമായി തീരട്ടെ നിങ്ങളുടെ ദാമ്പത്യം' എന്നായിരുന്നു പ്രസംഗത്തിന്‍റെ സംക്ഷിപ്തം.

തിരുമേനിയുടെ കാലശേഷം തലക്കോട് പല പരിപാടികള്‍ക്കായി നിരവധി തവണ ഞാന്‍ പോയി. 2007-ല്‍ ഞാന്‍ മലങ്കര ഓര്‍ത്തഡോക്സ് ടി.വി. ആരംഭിച്ച ശേഷം പല പരിപാടികളും റിക്കോര്‍ഡ് ചെയ്ത് സംപ്രേക്ഷണം ചെയ്യുകയുമുണ്ടായി. അങ്ങനെ ചെന്ന രണ്ടു സന്ദര്‍ഭങ്ങളില്‍, ഏലിയാസച്ചനും ഫിലിപ്പച്ചനും എന്നോടുള്ള വാത്സല്യം കൊണ്ടും പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും ചിന്തകള്‍ പ്രചരിപ്പിക്കുവാനും ചെയ്യുന്ന പരിശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചും എന്നെ പൊതുവേദിയില്‍ വെച്ച് ആദരിച്ചത് നന്ദി നിറഞ്ഞ ഹൃദയത്തോടെയാണ് ഓര്‍ക്കുന്നത്. 

മലങ്കരസഭാ തര്‍ക്കത്തിന് അവസാനം കുറിച്ചുകൊണ്ട് 2017 ജൂലൈ 3-ന്ഉണ്ടായ വിധിയെ തുടര്‍ന്ന് കെ. റ്റി. ഫിലിപ്പച്ചന്‍ സതീര്‍ത്ഥ്യനായ പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവായ്ക്ക് ഒരു കത്തയച്ചു. ബാവാ ആ കത്തിന്‍റെ കാര്യം ആരയച്ചുതന്നതാണെന്ന് വെളിപ്പെടുത്താതെ തുടര്‍ന്നു നടന്ന മാനേജിംഗ് കമ്മിറ്റിയില്‍ (8-8-2017) പറയുകയുണ്ടായി. സഭായോജിപ്പ് ഉണ്ടാകണമെന്നും അതിനായുള്ള പരിശ്രമങ്ങള്‍ തുടരണമെന്നും കാണിച്ച് പല കത്തുകള്‍ ബാവാ തിരുമേനിക്ക് അച്ചന്‍ അയച്ചു. കത്തിന്‍റെ കോപ്പികള്‍ അദ്ദേഹം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രമുഖരായ പലര്‍ക്കും അയച്ചുകൊടുത്തു. സഭാസമാധാന നീക്കങ്ങളുടെ പുരോഗതി അറിയാന്‍ അച്ചന്‍ ആ കാലത്ത് പല തവണ എന്നെ ഫോണില്‍ വിളിച്ചിട്ടുണ്ട്. അച്ചന്‍റെ  ആത്മാര്‍ത്ഥതയും നിഷ്കളങ്കതയും ഫോണ്‍ സംഭാഷണത്തിലൂടെ അറിയുന്ന എനിക്ക്, പലപ്പോഴും എന്ത് മറുപടി പറഞ്ഞ് അച്ചനെ സാന്ത്വനപ്പെടുത്തണമെന്ന് അറിയാത്ത അവസ്ഥ വന്നിട്ടുണ്ട്. ക്രമേണ അച്ചന്‍ രോഗിയായത് മൂലമാകാം അത്തരം വിളികള്‍ നിന്നു. സഭാസമാധാന പരിശ്രമത്തിലെ 'രക്തസാക്ഷി' എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 'സഭാതര്‍ക്കം: എന്താണ് സത്യം' എന്ന പേരില്‍ കക്ഷിവഴക്കിന്‍റെയും 1958-ലെ സഭാസമാധാനത്തിന്‍റെയും ചരിത്രവും രേഖകളും സമാഹരിച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥം പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിക്കും കെ. റ്റി. ഫിലിപ്പച്ചനുമാണ് ഞങ്ങള്‍ സമര്‍പ്പിച്ചത്.

പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി, തന്‍റെ അടുക്കല്‍ വരുന്നവരുടെ ഒന്നിലേറെ ഗുണങ്ങള്‍ ഒറ്റനോട്ടത്തില്‍ മനസ്സിലാക്കുവാന്‍ കെല്‍പ്പുള്ള ആളായിരുന്നു എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടാവാം കെ. റ്റി. ഫിലിപ്പച്ചനെയും ഏലിയാസച്ചനെയും സി. സി. ചെറിയാനച്ചനെയും എന്നെയുമൊക്കെ അദ്ദേഹം ചേര്‍ത്തുപിടിച്ചത്. ഫിലിപ്പച്ചന്‍റെ നിഷ്കളങ്കതയാവാം തിരുമേനിയുടെ വാത്സല്യത്തിന് കാരണമെന്ന് എനിക്ക് തോന്നുന്നു. മുന്‍കോപിയും ശാഠ്യക്കാരനുമായ തിരുമേനിയോടൊന്നിച്ച് മൂന്ന് പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചു എന്നത് തിരുമേനിയുടെ ജീവചരിത്രം 
എഴുതിയ ആളെന്ന നിലയിലും, കുറച്ചുനാള്‍ കൂടെ നിന്ന വ്യക്തി എന്ന നിലയിലും എന്നെ അദ്ഭുതപ്പെടുത്തുന്നു.

കെ. റ്റി. ഫിലിപ്പച്ചന്‍റെ സഭാപിതാക്കന്മാരോടുള്ള അടുപ്പവും ബന്ധവും എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍ ബര്‍ണബാസ് എന്നീ തിരുമേനിമാരോട് സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ അടുപ്പം ഉണ്ടാകും. 1990-കളില്‍ പരിചയപ്പെട്ട എന്നെ രണ്ടു പേരും മരണംവരെ ഓര്‍ത്തിരുന്നു എന്നത് നിറകണ്ണുകളോടെയാണ് ഇവിടെ കുറിക്കുന്നത്. പക്ഷേ, പ. മാത്യൂസ് പ്രഥമന്‍ ബാവാ, ജോസഫ് മാര്‍ പക്കോമിയോസ്, ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്, യാക്കോബ് മാര്‍ പോളിക്കര്‍പ്പോസ് തിരുമേനിമാരോട് അടുക്കുക സാധാരണക്കാര്‍ക്കും വൈദികര്‍ക്കും എളുപ്പമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. കട്ടിയുള്ള പുറംതോട് പൊട്ടിച്ച് ഉള്ളില്‍ കയറി അവരുടെ വാത്സല്യവും സ്നേഹവും അനുഭവിക്കുവാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയായാണ് ഫിലിപ്പ് അച്ചനെ ഞാന്‍ കാണുന്നത്. കെ. റ്റി. ഫിലിപ്പ്, ഒ. ജെ. ജേക്കബ് ശെമ്മാശന്മാരും ജോസഫ് വെണ്ട്രപ്പിള്ളില്‍ അച്ചന്‍ തുടങ്ങിയ കൊച്ചി ഭദ്രാസനത്തിലെ പലരും സഭാ വിഭജനത്തില്‍ പാത്രിയര്‍ക്കീസ് ഭാഗത്തേക്ക് തിരികെ പോകാതിരുന്നതിന് ഒരു പ്രധാന കാരണം, സാത്വികനും പണ്ഡിതനുമായിരുന്ന യൂഹാനോന്‍ മാര്‍ സേവേറിയോസ് തിരുമേനിയെ ഉപേക്ഷിച്ചു പോകാനുള്ള മടി കൊണ്ടായിരുന്നുവെന്ന് അവരില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്.

"കെ. റ്റി. ഫിലിപ്പച്ചനെക്കുറിച്ച് ഒരു പുസ്തകം തയ്യാറാക്കണം. തലക്കോട് ഒരു മീറ്റിംഗ് വെച്ചിട്ടുണ്ട്. നീ വരണം" എന്നു പറഞ്ഞ് ടി. പി. ഏലിയാസച്ചന്‍ എന്നെ വിളിച്ചു. ആലോചനാ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി ചില ആശയങ്ങള്‍ ഒരു പേപ്പര്‍ എടുത്ത് കുറിക്കാനൊരുങ്ങി. പൊടുന്നനവെ കിട്ടിയ ആശയമാണ്, അച്ചന്‍റെ ജീവിതത്തെ മൊത്തത്തില്‍ മൂന്നു വാക്കുകളില്‍ ഒതുക്കാമെന്നത്: "വിനയം, സൗമ്യം, മധുരം." അച്ചനുമായി ഇടപെട്ടവര്‍ക്കെല്ലാം ഈ മൂന്നു വാക്കുകള്‍ ഉണര്‍ത്തുന്ന എല്ലാ അനുഭവങ്ങളും ഉണ്ടായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. 

കെ. ജെ. ഗബ്രിയേലച്ചന്‍ (മാര്‍ ഗ്രീഗോറിയോസ്), ഏലിയാസച്ചന്‍, ഫിലിപ്പച്ചന്‍, ഞാന്‍ എന്നിവരെ കൂട്ടിയിണക്കുന്ന സ്നേഹവലയം പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി ആണ്. തിരുമേനിയുടെ കാലശേഷം അദ്ദേഹത്തിന്‍റെ സോഫിയാ പബ്ലിക്കേഷന്‍സ് എന്ന പ്രസ്ഥാനത്തിന്‍റെ പേര് സോഫിയാ ബുക്സ് എന്ന് മാറ്റിയാണ് "പ്രകാശത്തിലേക്ക് ഒരു തീര്‍ത്ഥയാത്ര" എന്ന തിരുമേനിയുടെ ജീവചരിത്രം ഞാന്‍ പ്രസിദ്ധീകരിച്ചത്. പൗരസ്ത്യ ഓര്‍ത്തഡോക്സ് വേദശാസ്ത്ര ദര്‍ശനങ്ങള്‍ മലയാളികള്‍ക്ക് നല്‍കുന്ന നല്ല ഒരു പ്രസിദ്ധീകരണശാലയായി അത് മാറണമെന്ന കെ. ജെ. ഗബ്രിയേലച്ചന്‍റെ ആശയത്തോടൊപ്പം ടി. പി. ഏലിയാസച്ചനും കൂടി. അങ്ങനെ ഞങ്ങള്‍ മൂവരും ചേര്‍ന്ന് 1998-ല്‍ ആരംഭിച്ച സോഫിയാ ബുക്സ് എന്ന പ്രസ്ഥാനം രണ്ടു പതിറ്റാണ്ടുകൊണ്ട് 75-ഓളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ രചനകള്‍ സമാഹരിച്ച് ഒരു ഡസനോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചു എന്നത് ഏറെ അഭിമാനത്തോടും ആത്മസംതൃപ്തിയോടെയുമാണ് ഓര്‍ക്കുന്നത്. 

ജീവിത സുഗന്ധം കൊണ്ട് സൗരഭ്യം പരത്തിയ കെ. റ്റി. ഫിലിപ്പച്ചനെക്കുറിച്ചുള്ള ഈ ഗ്രന്ഥം സോഫിയാ ബുക്സിന്‍റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും സാധിച്ചുവെന്നത് ഞങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നു. വരുംതലമുറകളില്‍ ഫിലിപ്പച്ചനെപ്പോലുള്ള നല്ല ഇടയന്മാര്‍ ഉണ്ടാകുവാന്‍ ഈ ഗ്രന്ഥം ആര്‍ക്കെങ്കിലും പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

വിനയം സൗമ്യം മധുരം: ഫാ. കെ. റ്റി. ഫിലിപ്പ് സ്മൃതി ഗ്രന്ഥം

വിനയം സൗമ്യം മധുരം: ഫാ. കെ. റ്റി. ഫിലിപ്പ് സ്മൃതി ഗ്രന്ഥം വിനയം സൗമ്യം മധുരം  ഫാ. കെ. റ്റി. ഫിലിപ്പ് സ്മൃതി ഗ്രന്ഥം എഡി...